ആലപ്പുഴ: ബിഡിജെഎസ് സംസ്ഥാന നേതൃയോഗം ഇന്ന് ചേർത്തലയിൽ നടക്കും. മൈക്രോഫിനാൻസ് സാമ്പത്തിക ക്രമക്കേടിൽ ആരോപണ വിധേയനായ സംസ്ഥാന ജനറൽ സെക്രട്ടറി സുഭാഷ് വാസുവിനെതിരായ നടപടിയാവും യോഗം പ്രധാനമായും ചർച്ച ചെയ്യുക. എന്നാൽ യോഗത്തിൽ നിന്ന് സുഭാഷ് വാസു വിട്ടുനിൽക്കാനാണ് സാധ്യത. എന്നാൽ എസ്എൻഡിപി യോഗം നേതാവുകൂടിയായ സുഭാഷ് വാസു സെൻട്രൽ സ്‌പൈസസ് ബോർഡ് ചെയർമാൻ സ്ഥാനം രാജി വെച്ചതായി അഭ്യൂഹങ്ങൾ ഉയർന്നിട്ടുണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രിയും ബിജെപി ദേശീയ അധ്യക്ഷനുമായ അമിത് ഷായ്ക്കാണ് രാജി കത്ത് നൽകിയത് എന്നാണ് സൂചന. എന്നാൽ രാജി വാർത്ത സുഭാഷ് വാസു നിഷേധിച്ചു. ജനുവരി 16ന് ശേഷം മാധ്യമങ്ങളോട് ഇതുസംബന്ധിച്ച നിലപാട് വ്യക്തമാക്കുമെന്നാണ് പ്രതികരണം.
എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വിശ്വസ്തനായിരുന്ന സുഭാഷ് വാസു, സാമ്പത്തിക ക്രമക്കേടിൽ ആരോപണവിധേയനായതിനെ തുടർന്ന് വെള്ളാപ്പള്ളിയുമായി തെറ്റിയിരുന്നു. പിന്നീട് സുഭാഷ് വാസു പ്രസിഡന്‍റായിരുന്ന മാവേലിക്കര യൂണിയൻ കഴിഞ്ഞദിവസം വെള്ളാപ്പള്ളി നടേശൻ പിരിച്ചുവിട്ടു. ഇതിന്‍റെ പശ്ചാത്തലത്തിൽ കൂടിയാണ് എസ്എൻഡിപി - ബിഡിജെഎസ് നേതൃത്വത്തിലെ ഭിന്നത രൂക്ഷമായത്.
2018 ജൂലായിലാണ് സ്പൈസസ് ബോർഡ് ചെയർമാനായി സുഭാഷ് വാസു സ്ഥാനമേൽക്കുന്നത്. എൻഡിഎ ഘടകകക്ഷി എന്ന നിലയിൽ ബിഡിജെഎസിന് അനുവദിച്ച് നൽകിയ സ്ഥാനമായിരുന്നു അത്. ഇന്ന് ചേരുന്ന ബിഡിജെഎസ് യോഗത്തിൽ സ്‌പൈസസ് ബോർഡ് ചെയർമാൻ സ്ഥാനത്ത് നിന്ന് സുഭാഷ് വാസുവിനെ നീക്കണമെന്ന് എൻഡിഎ കേന്ദ്ര നേതൃത്വത്തോട് ശുപാശ ചെയ്യുമെന്നാണ് ബിഡിജെഎസ് നൽകുന്ന സൂചന.