ആലപ്പുഴ: അനിശ്ചിതത്വങ്ങൾക്ക് വിരാമമിട്ട് അറുപത്തിയേഴാമത് നെഹ്റു ട്രോഫി വള്ളംകളി ഇന്നെത്തുമ്പോള്‍ ആവേശത്തുഴയെറിയാനുള്ള അവസാനവട്ട പരിശീലനവും പൂര്‍ത്തിയാക്കി കാത്തിരിക്കുകയാണ് പുന്നമടയിലെ തുഴച്ചിലുകാര്‍. ചാമ്പ്യൻസ് ബോട്ട് ലീഗിലെ ആദ്യ മത്സരമെന്ന തലക്കനവുമായി നെഹ്രു ട്രോഫിയെത്തുമ്പോള്‍ വിജയത്തില്‍ കുറഞ്ഞതൊന്നും ബോട്ട് ക്ലബുകള്‍ ലക്ഷ്യമിടുന്നില്ല. മഴക്കെടുതി മൂലം മാറ്റി വച്ച പരിശീലനം പല ടീമുകളും അഞ്ച് ദിവസം മുമ്പ് മാത്രമാണ് പുനരാരംഭിച്ചത്. പരിശീലനക്കുറവ് നികത്താന്‍ കായികാഭ്യാസവും രാവിലെയും വൈകിട്ടും രണ്ട് മണിക്കൂർ വീതമുള്ള തുഴച്ചിൽ പരിശീലനവും ക്ലബുകള്‍ കഠിനമാക്കിയിരുന്നു.
എൺപതിലധികം തുഴച്ചിൽക്കാരാണ് ഒരോ ചുണ്ടൻ വള്ളത്തിലുമുള്ളത്. വഞ്ചിപ്പാട്ടിനൊപ്പം തുഴയെറിയാൻ ഇതര സംസ്ഥാനത്ത് നിന്നുമുള്ള കായിക താരങ്ങളെ അതിഥി തുഴച്ചിലുകാരായും പല ടീമുകളും പങ്കെടുപ്പിക്കുന്നുണ്ട്. പൊലീസ് ബോട്ട് ക്ലബ്, കുടുംബശ്രീ ബോട്ട് ക്ലബ്, സിവിൽ സർവീസുകാർ, വിദ്യാർഥികൾ തുടങ്ങിയ വ്യത്യസ്ഥമേഖലകളിൽ നിന്നുള്ളവരും പുന്നമടക്കായലിൽ തുഴയെറിയുന്നുണ്ടെന്നതും ഇത്തവണത്തെ പ്രത്യേകതയാണ്. ഇതിൽ ചുണ്ടൻവള്ളങ്ങളുടെ വിഭാഗത്തിൽ പൊലീസ് ബോട്ട് ക്ലബ് കഴിഞ്ഞ തവണ രണ്ടാമത് എത്തിയിരുന്നു.