ആലപ്പുഴ: ട്രോളിങ് നിരോധനത്തിന്‍റെയും മത്സ്യമേഖലയിൽ അപ്രതീക്ഷിതമായ വിലക്കയറ്റവും ഉണ്ടായതിന്‍റെയും പശ്ചാത്തലത്തില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഭക്ഷ്യസുരക്ഷ വിഭാഗം പരിശോധന നടത്തി. മത്സ്യങ്ങളിലെ മായം കണ്ടൈത്തുന്നതിന്റെ ഭാഗമായി ഓപ്പറേഷൻ സാഗർ റാണി രണ്ടാംഘട്ട പദ്ധതിയിൽ നടത്തിയ പരിശോധനയിൽ 60 കിലോഗ്രാം പഴകിയ മത്സ്യങ്ങളാണ് കണ്ടൈത്തിയത്.
നെടുമുടി, മങ്കൊമ്പ്, പുറക്കാട്, പുന്നപ്ര, തലവടി എന്നിവിടങ്ങളിലെ മത്സ്യ വിപണനശാലകളിലും വഴിയോര ഭക്ഷണശാലകളിലും പരിശോധന നടത്തി സാമ്പിളുകൾ റീജിയണൽ അനലിറ്റിക്കൽ ലാബിലേക്ക് അയച്ചു. മത്സ്യം കൊണ്ടുപോകുന്ന വാഹനങ്ങളിൽ കണ്ടെത്തിയ പഴകയി ചൂര, ഉണക്കമീന്‍ എന്നിവ നശിപ്പിച്ചു. തട്ടുകടകൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ കുട്ടനാട്, അമ്പലപ്പുഴ എന്നിവിടങ്ങളിലെ ലഘുഭക്ഷണശാലകൾ, തട്ടുകടകൾ എന്നിവിടങ്ങളിലെ പഴകിയ ഭക്ഷണസാധനങ്ങൾ പത്രക്കടലാസിൽ പൊതിഞ്ഞ് സൂക്ഷിച്ച ഭക്ഷണസാധനങ്ങൾ, വൃത്തിഹീനമായ ചുറ്റുപാട് എന്നിവ ശ്രദ്ധയിൽപ്പെട്ടതിനാൽ കച്ചവടക്കാർക്ക് മാർഗ്ഗനിർദ്ദേശങ്ങൾ നൽകുകയും തെറ്റുകൾ ആവർത്തിച്ചവർക്ക് പിഴ ഈടാക്കുമെന്ന് നോട്ടീസ് നൽകുകയും ചെയ്തു.