ആലപ്പുഴ: വാടക വീട്ടിൽ കഞ്ചാവ് ചെടി വളർത്തിയ ചേർത്തല സ്വദേശി പിടിയിൽ. ഇരുപത്തിയൊന്നുകാരനായ യദു കൃഷ്ണനാണ് പിടിയിലായത്. ജില്ലാ നർക്കോട്ടിക്ക് സെല്ലും ചേർത്തല പൊലീസും ചേർന്ന് നടത്തിയ പരിശോധനയിൽ മൂന്നാഴ്‌ച വളർച്ചയെത്തിയ കഞ്ചാവ് ചെടി കണ്ടെത്തുകയായിരുന്നു.
ആഞ്ഞിലിപ്പാലത്തിന് സമീപത്തെ വാടക വീട്ടിലാണ് ചാക്കിൽ മണ്ണ് നിറച്ചാണ് കഞ്ചാവ് ചെടി വളർത്തിയത്. വലിക്കാൻ വാങ്ങിയ കഞ്ചാവ് പൊതിയിൽ നിന്നും ലഭിച്ച കുരു മുളപ്പിച്ചാണ് ചെടി വളർത്തിയതെന്ന് ചോദ്യം ചെയ്യലിൽ ഇയാൾ സമ്മതിച്ചു. വീട്ടുകാർ ചോദിച്ചപ്പോൾ പയർ ചെടിയാണെന്ന് പറഞ്ഞ് വിശ്വസിപ്പിരുന്നു. നന്നായി ചാണകവളം ഇട്ട് വളർത്തിയ ചെടി വിൽക്കാനുണ്ടെന്ന് കൂട്ടുകാരുടെ വാട്ട്ആപ്പ് ഗ്രൂപ്പിൽ ഫോട്ടയും ശബ്‌ദ സന്ദേശവും അയച്ചിരുന്നു.
ഇതു സംബന്ധിച്ച് നർക്കോട്ടിക്ക് ഡിവൈഎസ്‌പി സാജു വർഗീസിനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു പൊലീസ് പരിശോധന നടത്തിയത്. ഐടിസി കഴിഞ്ഞ് കൊച്ചി ഷിപ്പിയാർഡിൽ താത്കാലിക ജീവനക്കാരനായി ജോലി ചെയ്യുകയായിരുന്നു ഇയാൾ. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.