ടോക്കിയോ: ഒളിമ്പിക് ഹോക്കിയില്‍ നാല് പതിറ്റാണ്ടുകള്‍ക്ക് ശേഷമുള്ള മെഡല്‍ നേട്ടം കൊവിഡ് പോരാളികള്‍ക്ക് സമര്‍പ്പിക്കുന്നതായി ഇന്ത്യന്‍ ക്യാപ്റ്റന്‍ മന്‍പ്രീത് സിങ്. മത്സരത്തിന് പിന്നാലെ നടന്ന മാധ്യമങ്ങളുമായുള്ള കൂടിക്കാഴ്ചയ്ക്കിടെയാണ് വികാരാധീനനായ 29കാരന്‍ ഇക്കാര്യം പറഞ്ഞത്.
' ഈ സമയം എന്ത് പറയണമെന്ന് എനിക്കറിയില്ല. അത് അതിശയകരമായിരുന്നു. 3-1ന് പിന്നിട്ടു നിന്നതിന് പിന്നാലെയാണ് ഞങ്ങള്‍ മത്സരത്തിലേക്ക് തിരിച്ച് വന്നത്. ഈ മെഡലിന് ഞങ്ങള്‍ അര്‍ഹരാണെന്നാണ് എനിക്ക് തോന്നുന്നത്. ഞങ്ങള്‍ കഠിനാധ്വാനം ചെയ്തിരുന്നു. കഴിഞ്ഞ 15 മാസങ്ങള്‍ ഞങ്ങളെ സംബന്ധിച്ച് ബുദ്ധിമുട്ടേറിയതായിരുന്നു.
ഇതിനിടെ പല താരങ്ങള്‍ക്കും കൊവിഡ് ബാധിച്ചു. ഈ വിജയം ഇന്ത്യയിൽ ധാരാളം ജീവനുകള്‍ രക്ഷിച്ച ഡോക്ടർമാർക്കും മുൻനിര ആരോഗ്യ പ്രവർത്തകർക്കും സമർപ്പിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു'. ഇന്ത്യന്‍ ക്യാപ്റ്റന്‍ പറഞ്ഞു. അതേസമയം വെങ്കല മെഡലിനായുള്ള ആവേശപ്പോരാട്ടത്തില്‍ നാലിനെതിരേ അഞ്ചുഗോളുകള്‍ക്കാണ് ഇന്ത്യ ജര്‍മനിയെ കീഴടക്കിയത്.
ടുര്‍ണമെന്‍റിലുട നീളം ഇന്ത്യയുടെ യാത്രയില്‍ നിര്‍ണായകമായ മലയാളി ഗോള്‍കീപ്പര്‍ ശ്രീജേഷിന്റെ മിന്നുന്ന സേവുകളും സിമ്രാന്‍ജീത്തിന്‍റെ ഇരട്ട ഗോള്‍ നേട്ടവുമാണ് ഇന്ത്യയ്ക്ക് നിര്‍ണായകമായത്. അതേസമയം ഒളിമ്പിക് ഹോക്കിയില്‍ രാജ്യത്തിന്‍റെ 12ാമത്തെ മെഡല്‍ നേട്ടമാണിത്.
എട്ട് സ്വര്‍ണവും ഒരു വെള്ളിയും മൂന്ന് വെങ്കലവുമാണ് ഒളിമ്പിക്‌സ് ഹോക്കിയിൽ ഇതേവരെ ഇന്ത്യയുടെ സമ്പാദ്യം. നേരത്തെ 1968, 1972 എന്നീ വര്‍ഷങ്ങളിലാണ് ഇന്ത്യ ഒളിമ്പിക്‌സില്‍ വെങ്കലമെഡല്‍ നേടിയത്.