ടോക്കിയോ : ടോക്കിയോ ഒളിമ്പിക്‌സ് പുരുഷ ഫുട്ബോളിൽ ശക്തരായ അർജന്‍റീന ക്വാർട്ടർ കാണാതെ പുറത്ത്. ഗ്രൂപ്പ് സിയിലെ അവസാന മത്സരത്തില്‍ സ്‌പെയ്‌നിനോട് സമനില വഴങ്ങിയതാണ് അർജന്‍റീനയ്ക്ക് തിരിച്ചടിയായത്. ഇതോടെ ഗ്രൂപ്പിൽ മൂന്നാം സ്ഥാനത്തായ ടീം പുറത്താവുകയായിരുന്നു.
ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടിയാണ് സമനിലയിൽ പിരിഞ്ഞത്. 66-ാം മിനിട്ടില്‍ മെറീനോ സ്‌പെയ്‌നിനായി ലക്ഷ്യം കണ്ടപ്പോള്‍ 87-ാം മിനിറ്റില്‍ ബെല്‍മോന്റെ അര്‍ജന്‍റീനയുടെ സമനില ഗോള്‍ നേടി. എന്നാൽ ക്വാർട്ടറിൽ പ്രവേശിക്കാൻ ടീമിന് വിജയം അനിവാര്യമായിരുന്നു.
ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയയോട് രണ്ട് ഗോളിന് തോറ്റ അര്‍ജന്‍റീന രണ്ടാം മത്സരത്തില്‍ ഈജിപ്തിനെതിരെ വിജയം നേടിയിരുന്നു. മൂന്ന് മത്സരങ്ങളില്‍ നിന്ന് നാല് പോയിന്‍റുള്ള അര്‍ജന്‍റീന ഗ്രൂപ്പില്‍ മൂന്നാം സ്ഥാനത്താണ്. രണ്ടാമതുള്ള ഈജിപ്തിനും ഇതേ പോയിന്‍റാണെങ്കിലും ഗോള്‍ ശരാശരിയില്‍ അര്‍ജന്‍റീനയെ മറികടക്കുകയായിരുന്നു.
ALSO READ: ഒളിമ്പിക്‌സ് പുരുഷ ഫുട്ബോൾ : ബ്രസീൽ ക്വാർട്ടറിൽ
അതേസമയം അര്‍ജന്‍റീനയ്‌ക്കൊപ്പം കരുത്തരായ ജര്‍മനിയും ഫ്രാന്‍സും ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായി. ഐവറി കോസ്റ്റിനോട് സമനില വഴങ്ങിയതാണ് ജര്‍മനിക്ക് തിരിച്ചടിയായത്. ഗ്രൂപ്പ് ഡിയിലെ അവസാന മത്സരത്തില്‍ സൗദി അറേബ്യയെ ഒന്നിനെതിരെ മൂന്ന് ഗോളിന് തോല്‍പ്പിച്ച് ബ്രസീല്‍ ക്വാർട്ടർ ഉറപ്പിച്ചു.