ടോക്കിയോ: ഒളിമ്പിക് ഹോക്കിയില്‍ നിര്‍ണായകമായ മത്സരത്തില്‍ ഇന്ത്യന്‍ സംഘത്തിന് വിജയം. പൂള്‍ എയിലെ മത്സരത്തില്‍ 3-1നാണ് നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്‍റീനയെ ഇന്ത്യ തകര്‍ത്തത്. ഗോള്‍ രഹിതമായ ആദ്യ രണ്ട് ക്വാര്‍ട്ടറുകള്‍ക്ക് പിന്നാലെ അവസാന ക്വാര്‍ട്ടറില്‍ പിറന്ന ഗോളുകളാണ് ഇന്ത്യയ്ക്ക് ജയമൊരുക്കിയത്.
മത്സരത്തിന്‍റെ തുടക്കം മുതല്‍ക്ക് ഒളിമ്പിക് ചാമ്പ്യന്മാര്‍ക്കെതിരെ ആധിപത്യം പുലര്‍ത്താന്‍ ഇന്ത്യന്‍ സംഘത്തിനായി. 23ാം മിനിട്ടില്‍ ഹര്‍മന്‍പ്രീത് സിങ് പാഴാക്കിയതടക്കം നിരവധി അവസരങ്ങള്‍ ഇന്ത്യയ്ക്ക് ലഭിച്ചുവെങ്കിലും ഗോള്‍ കണ്ടെത്താനായിരുന്നില്ല. തുടര്‍ന്ന് 43ാം മിനിട്ടില്‍ വരുണ്‍ കുമാറിലൂടെയാണ് ഇന്ത്യ അര്‍ഹിച്ച ലീഡെടുത്തത്.
also read: സിന്ധുവിന് ആധികാരിക വിജയം; ക്വാര്‍ട്ടറിലേക്ക് മുന്നേറി
എന്നാല്‍ 48ാം മിനിട്ടില്‍ ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് കാസെല്ല ഷൂത്ത് അര്‍ജന്‍റീനയെ ഒപ്പമെത്തിച്ചു. തുടര്‍ന്ന് പൊരുതിക്കളിച്ച ഇന്ത്യ തുടരെ തുടരെ ഗോളുകളും വിജയവും കണ്ടെത്തി. 58ാം മിനിട്ടില്‍ വിവേക് പ്രസാദിലൂടെയാണ് ഇന്ത്യ സമനില പൊട്ടിച്ചത്. പിന്നാലെ 59ാം മിനിട്ടില്‍ ഹര്‍മന്‍പ്രീത് സിങ്ങിന്‍റെ പ്രായശ്ചിത്തത്തിലൂടെ പട്ടികയിലെ അവസാന ഗോളും വിജയവും ഉറപ്പിച്ചു.
മത്സരത്തിലെ വിജയത്തോടെ പൂളില്‍ രണ്ടാം സ്ഥാനത്തെത്തിയ ഇന്ത്യ ക്വാര്‍ട്ടര്‍ ഫൈനലും ഉറപ്പാക്കി. നേരത്തേ ന്യൂസിലന്‍ഡിനെ 3-2നും സ്‌പെയിനിനെ 3-0നും ഇന്ത്യ തോല്‍പ്പിച്ചിരുന്നു. ഓസ്‌ട്രേലിയക്കെതിരായ 1-7ന്‍റെ പരാജയം മാത്രമാണ് സംഘത്തിന്‍റെ മോശം പ്രകടനം. ജപ്പാനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.