ടോക്കിയോ : ഒളിമ്പിക്സില്‍ വെങ്കല മെഡല്‍ പോരാട്ടത്തിന് ഇന്ത്യന്‍ ബാഡ്‌മിന്‍റണ്‍ താരം പിവി സിന്ധു ഞായറാഴ്‌ച ഇറങ്ങും. ചൈനയുടെ ലോക ഒമ്പതാം നമ്പര്‍ താരം ഹെ ബിങ് ജിയാവോയാണ് എതിരാളി. വൈകിട്ട് അഞ്ചിനാണ് മത്സരം.
റിയോയില്‍ വെള്ളിനേടിയ താരം തുടര്‍ച്ചയായ രണ്ട് ഒളിമ്പിക്സുകളില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയെന്ന ചരിത്ര നേട്ടത്തിന് അരികെയാണ്. ഗുസ്‌തി താരം സുശീല്‍ കുമാര്‍ മാത്രമേ സിന്ധുവിന് മുന്നിലുള്ളൂ.
എന്നാല്‍ ആദ്യ ഒളിമ്പിക് മെഡല്‍ ലക്ഷ്യംവെയ്ക്കുന്ന ചൈനീസ് താരത്തിനെതിരെ ലോക ഏഴാം നമ്പറായ സിന്ധുവിന് അത്രയനുകൂലമായ മത്സരചരിത്രമല്ല ഉള്ളത്.
also read: ടോക്കിയോ ഒളിമ്പിക്‌സ് : കെലബ് ഡ്രസ്സല്‍ വേഗമേറിയ നീന്തല്‍ താരം
15 തവണ ഇരു താരങ്ങളും ഏറ്റുമുട്ടിയപ്പോള്‍ ഒമ്പത് തവണയും വിജയിച്ചത് 25 കാരിയായ ബിങ് ജിയാവോയാണ്. ആറ് തവണ മാത്രമാണ് വിജയം 26 കാരിയായ സിന്ധുവിനൊപ്പം നിന്നത്.
പലപ്പോഴും ബാക്ക് ഹാന്‍റ് വിങ്ങില്‍ കളിച്ചാണ് ചൈനീസ് താരം സിന്ധുവിനെ പ്രതിരോധത്തിലാക്കിയിരുന്നത്. എന്നാല്‍ നേരത്തേ നടത്തിയ പരിശീലനത്തില്‍ ചൈനീസ് താരത്തിന് മറുതന്ത്രം സിന്ധു കണ്ടെത്തിയെന്ന് കരുതാം.
അതേസമയം ശനിയാഴ്‌ച നടന്ന സെമിയിൽ ലോക ഒന്നാം നമ്പറായ ചൈനീസ് തായ്പേയിയുടെ തായ് സു യിങ്ങിനോടാണ് സിന്ധു പരാജയപ്പെട്ടത്. ശക്തമായ മത്സരത്തിനൊടുവിൽ തുടർച്ചയായ രണ്ട് സെറ്റുകൾ നേടിയാണ് ചൈനീസ് താരം വിജയിച്ചത്. സ്‌കോര്‍ 21-18, 21-12.