ടോക്കിയോ: ഒളിമ്പിക്‌സിലെ വേഗ രാജാവിനെ ഇന്നറിയാം. പുരുഷൻമാരുടെ 100 മീറ്ററിൽ ഇതിഹാസ താരം ഉസൈൻ ബോൾട്ടിന്‍റെ പിൻഗാമിയെ കാത്തിരിക്കുകയാണ് ലോകം. ഫൈനലിന് മുൻപ് 24 താരങ്ങൾ മത്സരിക്കുന്ന മൂന്ന് സെമി ഫൈനൽ മത്സരങ്ങൾ നടക്കും. ഒരോ സെമിയിലേയും ആദ്യ രണ്ട് സ്ഥാനക്കാരും മൂന്ന് സെമിയിലേയും മികച്ച രണ്ട് രണ്ടാം സ്ഥാനക്കാരും ഫൈനലിൽ മത്സരിക്കും.
അമേരിക്കയുടെ ട്രൈവോണ്‍ ബ്രോംവെൽ, ജമൈക്കയുടെ യോഹാൻ ബ്ലേക്ക്, കാനഡയുടെ ആന്ദ്രേ ഡി ഗ്രാസ്, ദക്ഷിണാഫ്രിക്കയുടെ അകാനി സിംബൈൻ തുടങ്ങിയവരാണ് ഇത്തവണത്തെ ഗ്ലാമർ താരങ്ങൾ.
എന്നാൽ തന്‍റെ പിൻഗാമിയാകും എന്ന് സാക്ഷാൽ ഉസൈൻ ബോൾട്ട് പ്രവചിച്ച ട്രൈവോണ്‍ ബ്രോംവെൽ ഹീറ്റ്സിൽ നാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്‌തത്. താരം കഷ്‌ടിച്ചാണ് സെമിയിൽ കടന്നുകൂടിയത്. ആദ്യ മൂന്ന് സ്ഥാനക്കാർക്കാണ് സെമിയിലേക്ക് യോഗ്യത എന്നിരിക്കെ പുറത്തായ നാലാം സ്ഥാനക്കാരിൽ മികച്ച സമയമെന്ന മുൻഗണന വെച്ച് താരം അവസാന നിമിഷം സെമിയിലേക്കെത്തുകയായിരുന്നു.
ALSO READ: ജമൈക്കൻ ആധിപത്യം; എലെയ്‌ൻ തോംസണ്‍ ഒളിമ്പിക്‌സിലെ വേഗമേറിയ വനിത താരം
ഇന്നലെ നടന്ന വനിതകളുടെ 100 മീറ്ററിൽ ജമൈക്കൻ താരം എലയ്‌ൻ തോംസണ്‍ ഒളിമ്പിക് റെക്കോഡോടെ സ്വർണം നേടിയിരുന്നു. ജമൈക്ക സമ്പൂർണ ആധിപത്യം നിലനിർത്തിയ മത്സരത്തിൽ ജമൈക്കയുടെ തന്നെ ഷെല്ലി ആൻ ഫ്രേസർ വെള്ളിയും ഷെരീക്ക ജാക്‌സണ്‍ വെങ്കലവും നേടി.