ടോക്കിയോ: ഒളിമ്പിക്‌സ് ബാഡ്‌മിന്‍റണിൽ ചരിത്രമെഴുതി പിവി സിന്ധു. ചൈനയുടെ ലോക ഒമ്പതാം നമ്പര്‍ താരം ഹെ ബിങ് ജിയാവോക്കെതിരെ തുടർച്ചയായ സെറ്റുകൾ സ്വന്തമാക്കിക്കൊണ്ട് സിന്ധു വെങ്കലം സ്വന്തമാക്കി. സ്കോർ: 21-13, 21-15
ശക്തമായ മത്സരത്തിൽ ആദ്യ ഗെയിം 21- 13 ന് സിന്ധു സ്വന്തമാക്കി. പത്ത് പോയിന്‍റുകൾ നേടിയ ശേഷം ചൈനീസ് താരത്തെ നിഷ്‌പ്രഭമാക്കിക്കൊണ്ടാണ് സിന്ധു കുതിച്ചത്. ഇഞ്ചോടിഞ്ച് പോരാട്ടമാണ് രണ്ടാം സെറ്റിൽ ഇരു താരങ്ങളും കാഴ്‌ചവെച്ചത്. ശക്തമായ വെല്ലുവിളി ഉയർത്തിയ ചൈനീസ് താരത്തിനെതരെ 21-15 ന് ഗെയിമും മെഡലും സ്വന്തമാക്കി. ടോക്കിയോ ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ രണ്ടാം മെഡലാണിത്.
ഇതോടെ തുടര്‍ച്ചയായ രണ്ട് ഒളിമ്പിക്‌സുകളില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയെന്ന ചരിത്ര നേട്ടം സിന്ധു സ്വന്തമാക്കി. റിയോയില്‍ താരം വെള്ളി മെഡൽ നേടിയിരുന്നു.
ALSO READ: സ്വർണമില്ലാതെ സിന്ധു, സെമിയില്‍ തോറ്റു... ഇനി വെങ്കല പോരാട്ടം
ശനിയാഴ്‌ച നടന്ന സെമിയിൽ ലോക ഒന്നാം നമ്പർ താരമായ ചൈനീസ് തായ്പേയിയുടെ തായ് സു യിങ്ങിനോട് പരാജയപ്പെട്ടതാണ് സിന്ധുവിന്‍റെ സ്വർണ പ്രതീക്ഷകൾക്ക് തിരിച്ചടിയായത്. ശക്തമായ മത്സരത്തിനൊടുവിൽ തുടർച്ചയായ രണ്ട് സെറ്റുകൾ നേടിയാണ് ചൈനീസ് താരം വിജയിച്ചത്.
ALSO READ: ബിങ് ജിയാവോയുമായി മുട്ടിയത് 15 തവണ, വിജയം 6 ല്‍, സിന്ധുവിന്‍റെ വെങ്കലപ്പോര് കടുക്കും
ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ 21-18ന് തായ് സു യിങ്ങ് ആദ്യ സെറ്റ് സ്വന്തമാക്കുകയായിരുന്നു. രണ്ടാം സെറ്റിൽ തായ് സു യിങ്ങിന് വലിയ വെല്ലുവിളി ഉയർത്താൻ സിന്ധുവിനായില്ല. 21-12 നാണ് രണ്ടാം സെറ്റിൽ സിന്ധു കീഴടങ്ങിയത്.
ജപ്പാന്‍റെ ലോക അഞ്ചാം നമ്പർ താരം അകാനെ യമാഗുച്ചിയെ തുടർച്ചയായ സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് സിന്ധു സെമിയില്‍ പ്രവേശിച്ചത്. റാങ്കിങ്ങില്‍ തന്നേക്കാള്‍ മുന്നിലുള്ള യമാഗുച്ചിയ്‌ക്കെതിരെ ക്വാർട്ടറിന്‍റെ തകര്‍പ്പന്‍ പ്രകടനമാണ് സിന്ധു കാഴ്‌ചവെച്ചത്.