കൊളംബോ : ഇന്ത്യൻ ടീമിന് വീണ്ടും തിരിച്ചടിയായി പേസ് ബൗളർ നവദീപ് സെയ്‌നിയുടെ പരിക്ക്. ശ്രീലങ്കയ്ക്കിതിരായ രണ്ടാം ടി20ക്കിടെയാണ് സെയ്‌നിക്ക് തോളിൽ പരിക്കേറ്റത്. ഭുവനേശ്വർ കുമാറിന്‍റെ ഓവറിൽ ക്യാച്ചിനായി ഉയർന്ന് ചാടിയ സെയ്‌നി തോളിടിച്ച് വീഴുകയായിരുന്നു.
ക്രുനാൽ പാണ്ഡ്യക്ക് കൊവിഡ് ബാധിച്ചത് കാരണം ഇന്ത്യയുടെ ഏട്ട് താരങ്ങൾ ഐസൊലേഷനിലായതിന് പിന്നാലെ സെയ്‌നിയുടെ പരിക്ക് ഇന്ത്യക്ക് തലവേദനയായി മാറിയിരിക്കുകയാണ്.
ഹാര്‍ദിക് പാണ്ഡ്യ, സൂര്യകുമാര്‍ യാദവ്, പൃഥ്വി ഷാ, ദീപക് ചാഹര്‍, കൃഷ്ണപ്പ ഗൗതം, ഇഷാന്‍ കിഷന്‍, യൂസ്‌വേന്ദ്ര ചാഹല്‍ എന്നീ താരങ്ങളുടെ പരിശോധനാഫലം നെഗറ്റീവാണെങ്കിലും ഇന്നും പുറത്തിരിക്കേണ്ടി വന്നേക്കും.
ഇന്നത്തെ മത്സരത്തിൽ സെയ്‌നിക്ക് കളിക്കാനായില്ലെങ്കിൽ പ്ലേയിങ് ഇലവനിൽ റിസർവ് താരങ്ങളെ ഇറക്കേണ്ട അവസ്ഥയിലാണ് ഇന്ത്യൻ ടീം കടന്നുപോകുന്നത്.
സെയ്‌നിക്ക് ഇന്ന് കളിക്കാനായില്ലെങ്കിൽ പകരം മലയാളി താരം സന്ദീപ് വാര്യരേയോ, അർഷദീപ് സിങ്ങിനെയോ പരിഗണിക്കാനാണ് സാധ്യത. എന്നാൽ ഇപ്പോൾ ഉള്ളതിൽ പരിചയസമ്പന്നനായ സെയ്‌നിയുടെ കുറവ് ഇന്ത്യൻ ടീമിനെ വലിയ രീതിയിൽ തന്നെ ബാധിച്ചേക്കും.
ALSO READ: ലങ്കയില്‍ ടി20 പരമ്പര: വിജയികളെ ഇന്നറിയാം, സഞ്ജുവിനും നിര്‍ണായകം
ശ്രീലങ്കക്കെതിരായ അവസാന മത്സരമായതിനാൽ ഇന്ന് ഇന്ത്യക്ക് വിജയം അനിവാര്യമാണ്. ആദ്യ മത്സരത്തിൽ 38 റൺസിന്‍റെ വിജയമാണ് ഇന്ത്യ നേടിയത്. രണ്ടാം മത്സരം നാല് വിക്കറ്റിന് ലങ്കയും സ്വന്തമാക്കി. ഇരുടീമുകളും ഓരോ മത്സരം വീതം വിജയിച്ചതിനാൽ ഇന്ന് ജയിക്കുന്ന ടീമിന് പരമ്പര നേടാനാകും.