ടോക്കിയോ: ഒളിമ്പിക്സിലെ നാലാം സ്ഥാനം തന്നെ വല്ലാതെ നിരാശപ്പെടുത്തുന്നതായി ഇന്ത്യയുടെ അഭിമാന ഗോള്‍ഫര്‍ അതിഥി അശോക്. മറ്റേത് ടൂര്‍ണമെന്‍റായിരുന്നുവെങ്കിലും ഈ നേട്ടം തന്നെ സന്തോഷിപ്പിക്കുമായിരുന്നുവെന്നും അഥിതി പറഞ്ഞു. ടോക്കിയോയില്‍ വനിതകളുടെ സ്ട്രേക്ക് പ്ലേയിലാണ് ലോക ഒന്നാം നമ്പര്‍ താരത്തെ പോലും വിറപ്പിച്ച അതിഥി നാലാം സ്ഥാനത്തെത്തിയത്.
"മറ്റേതൊരു ടൂർണമെന്‍റിലായാലും ഞാൻ ശരിക്കും സന്തുഷ്ടയായിരിക്കും. പക്ഷേ ഈ നാലാം സ്ഥാനത്തില്‍ സന്തോഷിക്കുകയെന്നത് അല്‍പം ബുദ്ധിമുട്ടാണ്. ഞാൻ നന്നായി കളിക്കുകയും കഴിവിന്‍റെ നൂറ് ശതമാനം നല്‍കുകയും ചെയ്തു" 23കാരിയായ അതിഥി പറഞ്ഞു.
തന്‍റെ നേട്ടം കൂടുതല്‍ ആളുകളെ ഗോള്‍ഫിലേക്ക് കടന്ന് വരാന്‍ പ്രചോദിപ്പിക്കുമെന്ന് കരുതുന്നതായു താരം കൂട്ടിച്ചേര്‍ത്തു. "എനിക്ക് ഒരു മെഡൽ ഉണ്ടായിരുന്നുവെങ്കില്‍ എന്ന് ഞാൻ ആഗ്രഹിക്കുന്നു. എല്ലാവരും ഇപ്പോഴും സന്തുഷ്ടരായിരിക്കുമെന്നാണ് കരുതുന്നത്. മത്സരിക്കാനിറങ്ങുമ്പോള്‍ ആളുകള്‍ എന്‍റെ പ്രകടനം ടിവിയില്‍ കാണുമെന്നതിനെക്കുറിച്ച് ഞാന്‍ ചിന്തിച്ചിട്ടേയില്ല" അതിഥി പറഞ്ഞു.
also read: 'ഇന്ത്യയുടെ അഭിമാനം' ; അദിതി അശോകിന് അഭിനന്ദനവുമായി പ്രധാനമന്ത്രിയും, രാഷ്ട്രപതിയും
ഗോള്‍ഫ് കളിക്കാന്‍ തുടങ്ങിയ സമയത്ത് ഒളിമ്പിക്സിന്‍റെ ഭാഗമാവാന്‍ സാധിക്കുമെന്ന് കരുതിയിരുന്നില്ലെന്നും അതിഥി കൂട്ടിച്ചേര്‍ത്തു. അതേസമയം 100 വര്‍ഷത്തെ ഇടവേളയക്ക് ശേഷം 2016 റിയോ ഒളിമ്പിക്സിലാണ് ഗോള്‍ഫ് വീണ്ടും കായിക മാമാങ്കത്തിന്‍റെ ഭാഗമായത്. അന്ന് ഇന്ത്യയെ പ്രതിനിധീകരിച്ച താരം 41ാം സ്ഥാനത്തായിരുന്നു മത്സരം പൂര്‍ത്തിയാക്കിയത്.