ന്യൂഡല്‍ഹി : ടോക്കിയോ ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ അഭിമാനമായ നീരജ് ചോപ്രയ്ക്ക് രണ്ട് കോടി രൂപ സമ്മാനം പ്രഖ്യാപിച്ച് ബൈജൂസ് ആപ്പ്. ഇതിനുപുറമെ വ്യക്തിഗത ഇനങ്ങളില്‍ വെള്ളിയും വെങ്കലവും നേടിയ താരങ്ങള്‍ക്കും ബൈജൂസ് സമ്മാനം പ്രഖ്യാപിച്ചിട്ടുണ്ട്.
വെള്ളി മെഡല്‍ നേടിയ മീരാബായ് ചാനു (വെയ്റ്റ് ലിഫ്റ്റിങ്), രവികുമാര്‍ ദഹിയ (ഗുസ്തി) എന്നിവര്‍ക്കും വെങ്കല മെഡല്‍ ജേതാക്കളായ ബജ്‌റംഗ് പൂനിയ (ഗുസ്തി), പിവി സിന്ധു (ബാഡ്മിന്‍റണ്‍), ലവ്‌ലിന ബോര്‍ഗോഹെയ്‌ന്‍ (ബോക്സിങ്) എന്നീ താരങ്ങള്‍ക്കും ഒരു കോടി രൂപ വീതം നല്‍കുമെന്നും ബൈജൂസ് അറിയിച്ചു.
രാജ്യത്തെ കായിക താരങ്ങൾക്കുള്ള പ്രോത്സാഹനമായാണ് സമ്മാനം പ്രഖ്യാപിക്കുന്നത്. കൊവിഡും അതിന്‍റെ ഫലമായുള്ള ലോക്ക്‌ഡൗണും ഉയര്‍ത്തിയ വെല്ലുവിളികൾ മറികടന്നാണ് താരങ്ങൾ ചരിത്ര നേട്ടം കൈവരിച്ചതെന്നും ഈ ആദരവും പ്രോത്സാഹനവും നാലുവർഷത്തിലൊരിക്കൽ സംഭവിക്കേണ്ട കാര്യമല്ലെന്നും എപ്പോഴും വേണ്ടതാണെന്നും ബൈജൂസ് പ്രസ്താവനയിൽ വ്യക്തമാക്കി.
Also read: നന്ദി നീരജ് ; ബൈ ബൈ ടോക്കിയോ, സ്വര്‍ണത്തിളക്കത്തില്‍ ഇന്ത്യന്‍ മടക്കം
അതേസമയം ടോക്കിയോയില്‍ പുതുചരിത്രം സൃഷ്ടിച്ച നീരജ് ചോപ്രയ്ക്ക് അഭിനന്ദന പ്രവാഹമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഷ്ട്രപതി രാംനാഥ് കോവിന്ദ് തുടങ്ങി നിരവധി പ്രമുഖര്‍ താരത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു.
"ടോക്കിയോയിൽ ചരിത്രം രചിക്കപ്പെട്ടു. നീരജ് ചോപ്രയുടെ നേട്ടം എന്നെന്നും ഓർമിക്കപ്പെടും. അഭിനിവേശത്തോടെയും സമാനതകളില്ലാത്ത ധൈര്യത്തോടെയുമാണ് നീരജ് മികച്ച പ്രകടനം കാഴ്ചവച്ചത്. സ്വർണം നേടിയതിന് അഭിനന്ദനങ്ങൾ" എന്നായിരുന്നു മോദി ട്വിറ്ററിൽ കുറിച്ചത്.