മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണിന് മുന്നോടിയായി അമേരിക്കന്‍ താരം സെറീന വില്യംസിന് പരിക്ക്. സന്നാഹ മത്സരത്തിനിടെ പരിക്കേറ്റതിനെ തുടര്‍ന്ന് സറീന ശേഷിക്കുന്ന പോരാട്ടത്തില്‍ നിന്നും വിട്ടുനിന്നു. ഓസ്‌ട്രേലിയന്‍ താരം ആഷ്‌ലിങ് ബ്രാട്ടിക്കെതിരായ സെമി പോരാട്ടത്തില്‍ നിന്നാണ് 39 വയസുള്ള സെറീന വിട്ടുനിന്നത്. പരിക്ക് സാരമുള്ളതാണെങ്കില്‍ ഈ മാസം എട്ടിന് ആരംഭിക്കുന്ന ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ നിന്നും സെറീന വില്യംസിന് വിട്ടുനില്‍ക്കേണ്ടിവരും.
23 ഗ്രാന്‍ഡ് സ്ലാം സ്വന്തമാക്കിയ സെറീന വില്യംസ് ഇത്തവണ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം നേടിയാല്‍ ടെന്നീസ് ഇതിഹാസം മാര്‍ഗ്രറ്റ് കോര്‍ട്ടിന്‍റെ 24 ഗ്രാന്‍ഡ് സ്ലാം കിരീടങ്ങളെന്ന നേട്ടത്തിനൊപ്പമെത്താന്‍ സാധിക്കും. ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ് സ്ലാം കിരീടങ്ങള്‍ സ്വന്തമാക്കിയത് ഓസ്‌ട്രേലിയക്കാരിയായ മാര്‍ഗ്രറ്റ് കോര്‍ട്ടാണ്. 24-ാം ഗ്രാന്‍ഡ് സ്ലാം കിരീടമെന്ന ലക്ഷ്യമിട്ട് കഴിഞ്ഞ വര്‍ഷം യുഎസ് ഓപ്പണിന് ഇറങ്ങിയെങ്കിലും വിക്‌ടോറിയ അസരെങ്കെക്കെതിരായ മത്സരത്തില്‍ കാലിടറുകയായിരുന്നു. അമ്മയാവാന്‍ ഒരു വര്‍ഷം കോര്‍ട്ടില്‍ നിന്നും വിട്ടുനിന്ന ശേഷം തിരിച്ചെത്തിയ സെറീനക്ക് മുന്നില്‍ വീണ്ടുമൊരു ഗ്രാന്‍സ് സ്ലാം കിരീടമെന്നത് മോഹം മാത്രമായി മാറുമോ എന്ന ആശങ്കയിലാണ് ആരാധകര്‍.
കൂടുതല്‍ വായനക്ക്: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കൊവിഡ് ഭീഷണിയില്‍; 600 താരങ്ങളോട് ക്വാറന്‍റൈനില്‍ പോകാന്‍ നിര്‍ദ്ദേശം
സെറീന ഉള്‍പ്പെടെ 600ഓളം താരങ്ങളാണ് ഓസ്‌ട്രേലിയന്‍ ഓപ്പണിനായി മെല്‍ബണില്‍ എത്തിയിരിക്കുന്നത്. കൊവിഡ് വരുത്തിവെച്ച ആശങ്കകള്‍ക്ക് നടുവിലും ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ മുന്‍ നിശ്ചയിച്ച പ്രകാരം നടത്തമെന്ന ഉറപ്പിലാണ് സംഘാടകര്‍ മുന്നോട്ട് പോകുന്നത്.