മാഡ്രിഡ്: സ്‌പാനിഷ് ടെന്നീസ് ഇതിഹാസം റാഫേല്‍ നദാലിന് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ആഴ്‌ച അബുദാബിയില്‍ നടന്ന പ്രദര്‍ശന ടൂര്‍ണമെന്‍റിന് ശേഷം സ്പെയിനില്‍ തിരിച്ചെത്തിയതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.
നദാല്‍ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്. ഒട്ടും സന്തോഷകരമല്ലാത്ത ചില നിമിഷങ്ങളിലൂടെയാണ് കടന്നുപോവുന്നതെന്നും വൈകാതെ തന്നെ സുഖം പ്രാപിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും നദാല്‍ ട്വിറ്റ് ചെയ്‌തു.
താന്‍ വീട്ടിലാണ് ഉള്ളതെന്ന് വ്യക്തമാക്കിയ താരം, താനുമായി സമ്പര്‍ക്കം പുലര്‍ത്തിവര്‍ക്ക് വിവരം നല്‍കിയിട്ടുണ്ടെന്നും അറിയിച്ചു. രോഗ മുക്തനായശേഷമാവും ഭാവി ടൂര്‍ണമെന്‍റുകളിലെ പങ്കാളിത്തത്തെക്കുറിച്ച് തീരുമാനമെടുക്കുകയെന്നും 35കാരനായ നദാല്‍ വ്യക്തമാക്കി.
കഴിഞ്ഞ ഓഗസ്റ്റില്‍ നടന്ന സിറ്റി ഓപ്പണ്‍ ടൂര്‍ണമെന്‍റിനുശേഷം പരിക്കിന്‍റെ പിടിയിലായ നദാല്‍ അബുദാബിയില്‍ നടന്ന പ്രദര്‍ശന ടൂര്‍ണമെന്‍റിലൂടെയാണ് കോര്‍ട്ടില്‍ തിരിച്ചെത്തിയത്. കാല്‍പ്പാദത്തിനേറ്റ പരിക്കിനെ തുടര്‍ന്നാണ് നാലു മാസത്തോളം താരം കളിക്കളത്തില്‍ നിന്നും വിട്ടുനിന്നത്.
അതേസമയം വെള്ളിയാഴ്‌ച നടന്ന മത്സരത്തില്‍ ആൻഡി മറെയോട് നദാല്‍ പരാജയപ്പെട്ടിരുന്നു. ടൂര്‍ണമെന്‍റിന്‍റെ ഭാഗമയായി നടത്തിയ എല്ലാ കൊവിഡ് പരിശോധനകളും നെഗറ്റീവായിരുന്നുവെന്നും നദാല്‍ പറഞ്ഞു.