മാഡ്രിഡ്: മാഡ്രിഡ് ഓപ്പൺ ടെന്നീസ് പുരുഷ വിഭാഗം സിംഗിൾസില്‍ ലോക ഒന്നാം നമ്പർ താരം നൊവാക് ജോക്കോവിച്ച് ചാമ്പ്യനായി. ഗ്രീക്ക് താരം സ്റ്റെഫാനോസ് സിറ്റ്സിപാസിനെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്താൻ ജോക്കോവിച്ച് കിരീടം നേടിയത്. വനിത വിഭാഗത്തില്‍ ഡച്ച് താരം കികി ബെർട്ടൻസ് സിമോണ ഹാലെപ്പിനെ തോല്‍പ്പിച്ച് ചാമ്പ്യനായി.
ഗ്രീക്ക് യുവതാരത്തിനെ 6-3, 6-4 എന്ന സ്കോറിന് തോല്‍പ്പിച്ചാണ് ജോക്കോവിച്ച് കരിയറിലെ 33ാം മാസ്റ്റേഴ്സ് കിരിടം സ്വന്തമാക്കിയത്. ഇതോടെ മാസ്റ്റേഴ്സ് കിരീടനേട്ടത്തില്‍ ഇതിഹാസ താരം റാഫേല്‍ നദാലിനൊപ്പമെത്താൻ ജോക്കോവിച്ചിന് കഴിഞ്ഞു. സെമിയില്‍ നദാലിനെ കീഴടക്കിയ സിറ്റ്സിപാസിന് ഫൈനലില്‍ അതേ പ്രകടനം ആവർത്തിക്കാനായില്ല. വനിത വിഭാഗത്തില്‍ 6-4, 6-4 എന്ന സ്കോറിനാണ് ബെർട്ടൻസ് ഹാലെപ്പിനെ തോല്‍പ്പിച്ചത്. ഇതോടെ നവോമി ഒസാക്കയെ മറികടന്ന് ലോക ഒന്നാം നമ്പറാകാനുള്ള അവസരമാണ് ഹാലെപ്പിന് നഷ്ടമായത്.