ന്യൂഡല്‍ഹി : ഫ്രഞ്ച് ഓപ്പണില്‍ നിന്നും പിന്‍മാറിയ ജപ്പാന്‍റെ രണ്ടാം നമ്പര്‍ താരം നവോമി ഒസാക്കയെ പിന്തുണച്ചും സംഘാടകരെ പഴിച്ചും ഫോര്‍മുല വണ്‍ ചാമ്പ്യന്‍ ലൂയിസ് ഹാമില്‍ട്ടണ്‍. നവോമിയുടെ ധൈര്യത്തെ അഭിനന്ദിക്കുന്നതായും അധികാരത്തിലിരിക്കുന്നവരെ ചിന്തിപ്പിക്കുന്നതാണ് താരത്തിന്‍റെ പ്രവര്‍ത്തിയെന്നും ഹാമില്‍ട്ടണ്‍ പറഞ്ഞു.
"വ്യക്തിപരമായ മാനസികാരോഗ്യത്തെക്കുറിച്ച് സംസാരിച്ചതിന് പിഴയീടാക്കുന്നത് അത്ര രസകരമായി തോന്നുന്നില്ല. അധികാരത്തിലിരിക്കുന്നവര്‍ക്ക് (സംഘാടകര്‍ക്ക്) കാര്യങ്ങള്‍ നന്നായി കൈകാര്യം ചെയ്യാമായിരുന്നുവെന്നാണ് ഞാൻ കരുതുന്നത്. നവോമിയുടെ പ്രവര്‍ത്തിയില്‍ അവര്‍ ആഴത്തില്‍ ചിന്തിക്കുകയും ഭാവിയില്‍ ഇത്തരം പ്രശ്നങ്ങള്‍ കെെകാര്യം ചെയ്യുന്നതിനായി മികച്ച മാര്‍ഗം കണ്ടെത്തുമെന്നുമാണ് ഞാന്‍ കരുതുന്നത്". ഹാമില്‍ട്ടണ്‍ പറഞ്ഞു.
also read:'അവളെയൊന്ന് കെട്ടിപ്പിടിക്കാന്‍ ആഗ്രഹിക്കുന്നു'; ഒസാക്കയ്ക്ക് പിന്തുണയുമായി സെറീന
മത്സരശേഷമുള്ള വാര്‍ത്താസമ്മേളനം ബഹിഷ്‌കരിച്ചതിന്‍റെ പേരില്‍ സംഘാടകര്‍ 15,000 ഡോളര്‍ പിഴ ചുമത്തിയതിന് പിന്നാലെയായിരുന്നു ഒസാക്ക ടൂര്‍ണമെന്‍റില്‍ നിന്നും പിന്മാറിയത്. തന്‍റെ മാനസികാരോഗ്യം സംരക്ഷിക്കാന്‍ വേണ്ടിയാണ് വാര്‍ത്താസമ്മേളനത്തില്‍ നിന്ന് പിന്‍മാറിയതെന്ന് ഒസാക്ക പ്രതികരിച്ചിരുന്നു. 2018ലെ യുഎസ് ഓപ്പണിന് ശേഷം കടുത്ത മാനസിക സമ്മര്‍ദം ഒസാക്കയെ വലച്ചിരുന്നു. ഇതേ തുടര്‍ന്നാണ് വലിയതോതില്‍ ആകാംക്ഷ വര്‍ധിക്കുന്ന വാര്‍ത്താസമ്മേളനങ്ങളില്‍ നിന്നും വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചതെന്നാണ് ഒസാക്കയുടെ പ്രതികരണം.