ഹൈദരാബാദ്: ക്രിസ്‌തുമസ് ആശംസക്കൊപ്പം വിരമിക്കല്‍ പ്രഖ്യാപനവും നടത്തി ഇന്ത്യന്‍ ടെന്നീസ് താരം ലിയാണ്ടർ പേസ്. 2020ല്‍ ടെന്നീസില്‍ നിന്നു വിരമിക്കുമെന്ന് പേസ് ട്വീറ്റ് ചെയ്‌തു. 46-വയസുള്ള പേസ് മൂന്ന് പതിറ്റാണ്ട് നീണ്ട പ്രൊഫഷണല്‍ ടെന്നീസ് ജീവിതത്തോടാണ് വിട പറയുന്നത്.
ക്രിസുമസ് ആശംസ അറിയിച്ചുകൊണ്ടാണ് ട്വീറ്റ് ആരംഭിക്കുന്നത്. എല്ലാ സമയത്തും കൂടെ നിന്ന് പ്രചോദനവും പിന്തുണയും നല്‍കിയ മാതാപിതാക്കള്‍, മകള്‍ അയാന, സഹോദരിമാര്‍ എന്നിവര്‍ക്ക് താരം നന്ദി പറഞ്ഞു.
2020-ല്‍ തിരഞ്ഞെടുത്ത കുറച്ച് മത്സരങ്ങൾ മാത്രം കളിക്കും. ടീമിനൊപ്പം യാത്ര ചെയ്യും. ലോകത്തെ എല്ലാ സുഹൃത്തുക്കള്‍ക്കും ആരാധകര്‍ക്കും ഒപ്പം 2020 ആഘോഷിക്കും. അവരോട് ഈ വർഷം മുഴുവന്‍ നന്ദി പറയും. ഇക്കാലമത്രയുമുള്ള ഓര്‍മകള്‍ വണ്‍ ലാസ്റ്റ് റോര്‍ എന്ന ടാഗില്‍ പങ്കെവെക്കുമെന്നും ട്വീറ്റില്‍ പറയുന്നു. പേസിന്‍റെ കരിയറിലെ 30-ാം വർഷമാണ് 2020. 1991-ലാണ് പേസ് പ്രൊഫഷണല്‍ ടെന്നീസിന്‍റെ ലോകത്തേക്ക് എത്തുന്നത്. തുടർന്ന് ഇന്ത്യന്‍ ടെന്നീസിന്‍റെ മുഖമായി മാറി. എക്കാലത്തെയും മികച്ച ഡബിൾസ് പ്ലെയറായും പേരെടുത്തു. 18 ഗ്ലാന്‍റ് സ്ലാം കിരീടങ്ങളാണ് ഇതിനിടെ സ്വന്തമാക്കിയത്. എട്ടെണ്ണം പുരഷ ഡബിൾസിലും 10 എണ്ണം മിക്സഡ് ഡബിൾസിലും.
1996-ലെ അത്‌ലാന്‍റാ ഒളിമ്പിക്‌സില്‍ വെങ്കലമെഡല്‍ സ്വന്തമാക്കി. 66 പ്രൊഫഷണല്‍ ടൈറ്റിലുകളും സ്വന്തം പേരിലാക്കി. ഏഴ് ഒളിമ്പിക് മത്സരങ്ങളില്‍ പങ്കെടുത്ത ഏക ടെന്നീസ് താരം കൂടിയാണ് പേസ്.
ഏറ്റവും അവസാനം ഡേവിസ് കപ്പില്‍ പാക്കിസ്ഥാന് എതിരെ പേസ് ഉൾപ്പെട്ട ഇന്ത്യന്‍ ടീം വിജയിച്ചിരുന്നു. ഡേവിസ് കപ്പില്‍ 44 ഡബിൾസ് മത്സരങ്ങളാണ് താരം ജയിച്ചത്.