ന്യൂഡല്‍ഹി: കായിക താരങ്ങളായ പെൺകുട്ടികളെ അംഗീകരിക്കാൻ ഇന്ത്യക്കാർ പഠിച്ചെന്ന് ടെന്നീസ് താരം സാനിയ മിർസ. ഓൾ ഇന്ത്യ ടെന്നീസ് അസോസിയേഷനും സായിയും ചേർന്ന് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവർ. എന്നാൽ കരിയറായി കായിക ഇനം തിരഞ്ഞെടുക്കാൻ പെൺകുട്ടികൾക്ക് ഇപ്പോഴും സാധിക്കുന്നില്ലെന്നും ആറ് തവണ മിക്‌സഡ് ഗ്രാന്‍ഡ് സ്ലാം സ്വന്തമാക്കിയ ഇന്ത്യന്‍ താരം പറഞ്ഞു.
ക്രിക്കറ്റ് ഒഴികെയുള്ള കായിക മേഖലകളില്‍ മുന്നില്‍ വനിതകളാണ്. ഇത് അഭിമാനാർഹമാണ്. മാഗസിനുകളിലും പരസ്യ ഫലകങ്ങളിലും അവർ പ്രത്യക്ഷപ്പെടുന്നു. ഇത് വലിയ മാറ്റമാണ്. കായിക താരമായി മാറാന്‍ പെണ്‍കുട്ടികൾ നേരിടുന്ന വെല്ലുവിളികൾ എറെയാണെന്ന് അറിയാമെന്നും സാനിയ പറഞ്ഞു.
മാറ്റത്തിന്‍റെ സൂചന ലഭിക്കുന്നുണ്ടെങ്കിലും ഇനിയും ഏറെ ദൂരം പോകാനുണ്ടെന്നും അവർ പറഞ്ഞു. പെണ്‍കുട്ടികൾക്ക് ഗുസ്‌തി താരമാകണമെന്ന് പറയാന്‍ കഴിയണം. അവർ ബോക്‌സിങ് ഗ്ലൗവോ ബാഡ്മിന്‍റണ്‍ റാക്കറ്റോ എടുക്കുന്ന സാഹചര്യം ഉണ്ടാകണം.
ഇവിടെ രക്ഷിതാക്കൾക്ക് ഇടയിലേക്ക് കായിക മേഖല സ്വാഭാവികമായി കടന്നുവരുന്നില്ല. അവർക്ക് കുട്ടികളെ ഡോക്ടറോ, വക്കീലോ, ടീച്ചറോ ഒക്കെയായി കണ്ടാൽ മതി. കായിക ഇനം കരിയറായി സ്വീകരിക്കുന്നത് പല രക്ഷിതാക്കൾക്കും അംഗീകരിക്കാനാകുന്നില്ല.
ഇന്ത്യക്ക് വഴികാട്ടിയായി നിരവധി വനിതാ അത്‌ലറ്റുകൾ നമുക്ക് മുന്നിലുണ്ട്. ആഗോള തലത്തില്‍ നേട്ടങ്ങൾ സ്വന്തമാക്കിയവർ. ഒളിമ്പിക് മെഡല്‍ ജേതാവായ ബാഡ്‌മിന്‍റണ്‍ താരം പിവി സിന്ധു, സൈന നെഹ്‌വാൾ തുടങ്ങിയവരും ആറ് തവണ ലോക ചാമ്പ്യന്‍ പട്ടം സ്വന്തമാക്കിയ ബോക്‌സർ മേരി കോമും മുന്‍ ഭാരദ്വഹക മീരാഭായ് ചാനുവും ഇത്തരത്തിലുള്ളവരാണെന്നും സാനിയ മിർസ പറഞ്ഞു.