പാരീസ്: യുഎസിന്‍റെ ലോക ഏഴാം സീഡ് സെറീന വില്യംസിന് നാളെ കളിമണ്‍ കോര്‍ട്ടില്‍ നിര്‍ണായക പോരാട്ടം. പ്രീ ക്വാര്‍ട്ടറില്‍ കസാകിസ്ഥാന്‍റെ 21-ാം സീഡ് എലേന റിബാക്കിനയാണ് എതിരാളി. ജയിക്കുന്നവര്‍ക്ക് ക്വാര്‍ട്ടര്‍ ബെര്‍ത്ത് ഉറപ്പാക്കാം. ഇന്നലെ നടന്ന മൂന്നാം റൗണ്ട് പോരാട്ടത്തില്‍ അമേരിക്കയുടെ തന്നെ ഡാനിയേല റോസ് കോളിന്‍സിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് സെറീന മൂന്നാം റൗണ്ടിലേക്ക് മുന്നേറിയത്. സ്‌കോര്‍: 6-4, 6-4.
സെറീനക്കൊപ്പം വിക്‌ടോറിയ അസരങ്ക, റഷ്യയുടെ അനസ്‌താസിയ പവ്‌ല്യുചെങ്കോവ എന്നിവരും പ്രീക്വാര്‍ട്ടറില്‍ കടന്നു. മത്സരത്തിനിടെ പവ്‌ല്യുചെങ്കോവക്ക് പരിക്കേറ്റത് ആശങ്കയുണ്ടാക്കുന്നുണ്ട്. 24-ാം ഗ്രാന്‍ഡ് സ്ലാം കിരീടം ലക്ഷ്യമിട്ടാണ് സെറീന കളിമണ്‍ കോര്‍ട്ടിലേക്ക് എത്തിയിരിക്കുന്നത്. 2017ലാണ് സെറീന അവസാനമായൊരു ഗ്രാന്‍ഡ് സ്ലാം കിരീടത്തില്‍ മുത്തമിട്ടത്.
ഇതിന് മുമ്പ് മൂന്ന് തവണ സെറീന ഫ്രഞ്ച് ഓപ്പണ്‍ സ്വന്തമാക്കിയിട്ടുണ്ട്. 2002, 2013, 2015 വര്‍ഷങ്ങളിലാണ് സെറീന കളിമണ്‍ കോര്‍ട്ടില്‍ കപ്പടിച്ചത്. 1999ല്‍ യുഎസ് ഓപ്പണ്‍ സ്വന്തമാക്കിയാണ് സെറീന തന്‍റെ ആദ്യ ഗ്രാന്‍ഡ് സ്ലാം സ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യമാക്കിയത്. തുടര്‍ന്നങ്ങോട്ട് മൂന്ന് ദശകത്തോളം നീണ്ട സെറീനയുടെ കുതിപ്പിനാണ് ടെന്നീസ് കോര്‍ട്ടും ആരാധകരും സാക്ഷിയായത്.
മറ്റ് കായിക വാര്‍ത്തകള്‍: കോപ്പയില്‍ ആശങ്ക; ബ്രസീലില്‍ പ്രതിഷേധം പുകയുന്നു