പാരീസ്: അമേരിക്കയുടെ ദെസിറെ ക്രാവ്‌ചെക്ക്, ബ്രിട്ടന്‍റെ ജോ സാലിസ്ബറി സഖ്യത്തിന് ഫ്രഞ്ച് ഓപ്പണിലെ ആദ്യ കിരീടം. മിക്‌സഡ് ഡബിള്‍സില്‍ റഷ്യയുടെ അസ്‌ലാന്‍ കരറ്റ്‌സേവ്, എലീന വെസ്‌നീന സഖ്യത്തെയാണ് ഇരുവരും പരാജയപ്പെടുത്തിയത്. സ്‌കോര്‍ 6-2, 4-6, 5-10. കരറ്റ്‌സേവ്, വെസ്‌നീന സഖ്യം ആദ്യ സെറ്റ് സ്വന്തമാക്കിയെങ്കിലും പിന്നീടുള്ള സെറ്റുകളില്‍ ഇരുവര്‍ക്കും മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചില്ല.
ജയത്തോടെ 39 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഫ്രഞ്ച് ഓപ്പണില്‍ കപ്പടിക്കുന്ന ബ്രിട്ടീഷ് താരമെന്ന നേട്ടം സാലിസ്ബറി സ്വന്തമാക്കി. 1982 ല്‍ ജോണ്‍ ലോയിഡാണ് അവസാനമായി ഫ്രഞ്ച് ഓപ്പണ്‍ കിരീടം നേടിയ ബ്രിട്ടീഷ് താരം. നേരത്തെ കഴിഞ്ഞ വര്‍ഷത്തെ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ സാലിസ്ബറി പുരുഷ ഡെബിള്‍സിലും കപ്പടിച്ചിരുന്നു.
പുരുഷ സിംഗിള്‍സില്‍ വമ്പന്‍ കിരീട പോരാട്ടം
ഇന്നലെ നടന്ന സെമി ഫൈനല്‍ പോരാട്ടത്തില്‍ 3.28 മണിക്കൂര്‍ നീണ്ട പോരാട്ടത്തില്‍ നൊവാക് ജോക്കോവിച്ച് ഇറ്റാലിയന്‍ ഒമ്പതാം സീഡ് മാറ്റിയോ ബരേറ്റിനിയെ പരാജയപ്പെടുത്തി. ലോക ഒന്നാം നമ്പര്‍ ജോക്കോവിച്ചിന് കടുത്ത വെല്ലുവിളി ഉയര്‍ത്തിയ ശേഷമാണ് ബരേറ്റിനി പരാജയം വഴങ്ങിയത്. സ്‌കോര്‍ 6-3, 6-2, 6-7 (5), 7-5.
5000ത്തോളം ആരാധകരെ സാക്ഷിയാക്കി ആരംഭിച്ച മത്സരം മൂന്നാം മണിക്കൂറിലേക്ക് നീണ്ടതോടെ ആളില്ലാതായി. ഫ്രാന്‍സിലെ കര്‍ഫ്യൂ കാരണമാണ് ശൂന്യമായ ഗാലറിയെ സാക്ഷിയാക്കി കളിമണ്‍ കോര്‍ട്ടില്‍ സെമി ഫൈനല്‍ കളിക്കാന്‍ ഫ്രഞ്ച് ഓപ്പണ്‍ അധികൃതര്‍ നിര്‍ബന്ധിതരായത്.
Also Read: നദാല്‍ സെമിയില്‍ ; ഫ്രഞ്ച് ഓപ്പണില്‍ വരാനിരിക്കുന്നത് തീപാറുന്ന പോരാട്ടം
പുരുഷ സിംഗിള്‍സ് ഫൈനല്‍ പോരാട്ടത്തില്‍ ലോക ഒന്നാം നമ്പര്‍ നൊവാക് ജോക്കോവിച്ചും കളിമണ്‍ കോര്‍ട്ടിലെ രാജകുമാരന്‍ റാഫേല്‍ നദാലും ഏറ്റുമുട്ടും. രണ്ടാം ഫ്രഞ്ച് ഓപ്പണ്‍ കിരീടം ലക്ഷ്യമിട്ട് ജോക്കോവിച്ച് ഇറങ്ങുമ്പോള്‍ 14-ാം കിരീടം തേടിയാണ് സ്‌പെയിന്‍റെ ലോക മൂന്നാം സീഡ് റാഫേല്‍ നദാല്‍ ഇറങ്ങുന്നത്.