ലണ്ടന്‍: വിംബിള്‍ഡണിലെ തിരിച്ചുവരവ് ആഘോഷമാക്കി ഇന്ത്യയുടെ സാനിയ മിര്‍സ. സാനിയയും അമേരിക്കയുടെ ബതേനി മാറ്റെക് സാന്ഡ്സും ചേര്‍ന്ന സഖ്യം പുല്‍മൈതാനത്തെ ഗ്രാന്‍ഡ്സ്ലാം പോരാട്ടത്തില്‍ സെക്കന്‍ഡ് റൗണ്ടിലേക്ക് പ്രവേശിച്ചു. ചിലിയുടെ അലെക്സ ഗുവാരാച്ചി, അമേരിക്കയുടെ ഡിസൈരെ ക്രാവ്സെക്ക് സഖ്യത്തെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഇരുവരും രണ്ടാം റൗണ്ടിലേക്ക് പ്രവേശിച്ചത്. സ്കോര്‍: 7-5, 6-3.
മകനോടൊപ്പമാണ് സാനിയ വിംബിള്‍ഡണ്‍ പോരാട്ടങ്ങള്‍ക്കായി എത്തിയത്. രണ്ടാം റൗണ്ടിലേക്ക് പ്രവേശിച്ച സാനിയ മകനൊപ്പം നില്ക്കുന്ന ചിത്രവും ട്വീറ്റ് ചെയ്തു. ബതേനി സാന്ഡ്സും സാനിയയും ചേര്‍ന്ന സഖ്യത്തിനൊപ്പം ഇഷാന് നില്ക്കുന്ന ചിത്രമാണ് ട്വീറ്റിലുള്ളത്. അമ്മയാകാനുള്ള തയാറെടുപ്പുകള്‍ക്കായി ടെന്നീസ് കോര്‍ട്ടില്‍ നിന്നും വിട്ടുനിന്ന ശേഷം ആദ്യമായാണ് സാനിയ വിംബിള്‍ഡണിന്റെ ഭാഗമാകുന്നത്. 2017ലാണ് അവസാനമായി വിംബിള്‍ഡണില്‍ പങ്കെടുത്തത്.
Also Read: ജോക്കോവിച്ചും ഫെഡററും ടോക്കിയോയിലേക്ക് ; ലക്ഷ്യം ഒളിമ്പിക് സ്വര്‍ണം
പുരുഷ സിംഗിള്‍സില്‍ ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡറര്‍ മൂന്നാം റൗണ്ട് ഉറപ്പാക്കി. ഫ്രാന്‍സിന്റെ റിച്ചാര്‍ഡ് ഗാസ്ക്വറ്റിനെ പരാജയപ്പെടുത്തിയാണ് ഫെഡറര്‍ മൂന്നാം സ്ഥാനം ഉറപ്പാക്കിയത്. സ്കോര്‍: 7-6, 6-1, 6-4. വനിതാ സിംഗിള്‍സില്‍ പോളിഷ് ഒമ്പതാം സീഡ് ഇഗാ സ്വിയാടിക്കിനെ റൊമാനിയയുടെ 22-ാം സീഡ് ഇറിനാ ബെഗുവിനെ പരാജയപ്പെടുത്തി. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് പോളിഷ് താരത്തിന്റെ ജയം. സ്കോര്‍: 6-1,6-0.