മെല്‍ബണ്‍: ഓസ്‌ട്രേലിയൻ ഓപ്പൺ ടെന്നിസില്‍ അദ്യ അട്ടിമറി. മുന്‍ ലോകചാമ്പ്യന്‍ മരിയ ഷറപ്പോവയാണ് ആദ്യ റൗണ്ടില്‍ പുറത്തായത്. ക്രൊയേഷ്യൻ താരം ഡോണ വേകിച്ചാണ് ഷറപ്പോവയെ എതിരില്ലാത്ത രണ്ട് സെറ്റുകള്‍ക്ക് അട്ടിമറിച്ചത്. സ്‌കോർ 6-3, 6-4.
ഷറപ്പോവയ്‌ക്ക് ഒരു അവസരവും നല്‍കാതെയാണ് ക്രൊയേഷ്യന്‍ താരം പോരാടിയത്. നിലയുറപ്പിക്കുന്നതിന് മുമ്പ് തന്നെ ഷറപ്പോവയ്‌ക്ക് ആദ്യ സെറ്റ് നഷ്‌ടമായി. ആദ്യ സെറ്റിലെ പരാജയം മുന്‍ ലോകചാമ്പ്യനെ ഞെട്ടിച്ചു. രണ്ടാം റൗണ്ടില്‍ കൂടുതല്‍ ശ്രദ്ധയോടെ കളിച്ച താരം ഡോണ വേകിച്ചിന് കൃത്യമായ മറുപടി നല്‍കി 4 -1 ന് മുന്നിലെത്തി. ഷറപ്പോവ മത്സരത്തിലേക്ക് തിരിച്ചുവന്നെന്ന് തോന്നിയ നിമിഷം. എന്നാല്‍ പിന്നാലെ ശക്‌തിയാര്‍ജിച്ചത് ഡോണയായിരുന്നു. ആദ്യ സെറ്റിലെ പോരാട്ട വീര്യം തിരിച്ചുപിടിച്ച ഡോണ തുടരെ അഞ്ച് പോയന്‍റ് നേടി രണ്ടാം സെറ്റും സ്വന്തമാക്കി. ഷറപ്പോവയ്‌ക്ക് ദയനീയ തോല്‍വി.
2008ലെ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം സ്വന്തമാക്കിയ മരിയ ഷറപ്പോവ വൈല്‍ഡ്‌കാര്‍ഡ് മുഖേന നേരിട്ടാണ് ടൂര്‍ണമെന്‍റിന് യോഗ്യത നേടിയത്. മൂന്ന് തവണ രണ്ടാം സ്ഥാനത്തെത്താനും റഷ്യന്‍ താരത്തിനായിട്ടുണ്ട്. 2007, 2012, 2015 വര്‍ഷങ്ങളിലാണ് ഷറപ്പോവ ഫൈനലില്‍ തോല്‍വി വഴങ്ങിയത്.