മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ സ്വിസ് താരം റോജര്‍ ഫെഡറര്‍ സെമി ഫൈനലില്‍ കടന്നു. അഞ്ച് സെറ്റ് നീണ്ട മാരത്തണ്‍ പോരാട്ടത്തിനൊടുവിലാണ് അമേരിക്കയുടെ ടെന്നിസ് സാന്‍ഡ്‌ഗ്രനെ ഫെഡറര്‍ അടിയറവ് പറയിച്ചത്. സ്‌കോര്‍ 6-3, 2-6, 2-6, 7-6(10-8), 6-3. മൂന്ന് മണിക്കൂറും 35 മിനുറ്റും നീണ്ട പോരാട്ടത്തിനൊടുവിലാണ് ഫെഡററിന്‍റെ സെമിപ്രവേശം. ജയത്തോടെ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ 14 തവണ ക്വാര്‍ട്ടറില്‍ ജയിച്ചെന്ന നേട്ടവും ഫെഡറര്‍ സ്വന്തമാക്കി.
ആദ്യ സെറ്റ് മികച്ച പോരാട്ടത്തിലൂടെ ഫെഡറര്‍ സ്വന്തമാക്കി. എന്നാല്‍ മികച്ച തിരിച്ചുവരവ് നടത്തിയ അമേരിക്കന്‍ താരം രണ്ടാം സെറ്റും മൂന്നാം സെറ്റും സ്വന്തമാക്കി. ഏകപക്ഷീയമായിരുന്നു ഇരുസെറ്റുകളും. തുടര്‍ന്ന് മത്സരം വാശിയേറിയതായി. രണ്ട് താരങ്ങളും ആവേശത്തോടെ പോരാടിയപ്പോള്‍ കാണികള്‍ക്ക് മികച്ച മത്സരം കാണാനുള്ള വഴിയൊരുങ്ങി. നാലാം സെറ്റായിരുന്ന മത്സരത്തിലെ പ്രധാന ആകര്‍ഷണം. 6-3ന് ടൈബ്രേക്കറില്‍ മുന്നിലെത്തിയ ഫെഡററുടെ എതിരാളി ആകെ ഏഴ് തവണയാണ് കളി ജയിക്കാനുള്ള സുവര്‍ണ്ണാവസരം നഷ്ടപ്പെടുത്തിയത്. ഭാഗ്യം തുണച്ചത്തോടെ ടൈബ്രേക്കറിലെത്തിയ നാലാം സെറ്റ് ഫെഡറര്‍ സ്വന്തമാക്കി. പിന്നാലെ നിര്‍ണായകമായ അഞ്ചാം സെറ്റ് നേടി സ്വിസ് ഇതിഹാസം സെമി ബെര്‍ത്ത് ഉറപ്പാക്കി.