അബുദാബി : മത്സരമില്ലെങ്കിലും ടി20 ലോകകപ്പിൽ ഇന്ത്യൻ ടീമിന് ഏറ്റവും നിർണായകമായ ദിനമാണ് ഇന്ന്. ഇന്നത്തെ ന്യൂസിലൻഡ് -അഫ്‌ഗാനിസ്ഥാൻ മത്സരത്തിന്‍റെ വിധിയാണ് ഇന്ത്യൻ ടീമിന്‍റെ ഭാവി നിർണയിക്കുക. ഇന്ത്യയുടെ മത്സരത്തെക്കാൾ ആവേശത്തോടെയാകും ഓരോ ഇന്ത്യൻ ആരാധകനും ഇന്നത്തെ മത്സരത്തെ നോക്കി കാണുക.
ഇന്നത്തെ മത്സരത്തിൽ അഫ്‌ഗാനിസ്ഥാൻ വിജയിക്കുകയാണെങ്കിൽ അടുത്ത മത്സരത്തിൽ വിജയം വൻ വിജയം നേടിയാൽ നെറ്റ് റണ്‍റേറ്റിന്‍റെ പിൻബലത്തിൽ ഇന്ത്യക്ക് സെമിയിലേക്ക് കടക്കാനാകും. മറിച്ച് ന്യൂസിലൻഡ് ആണ് വിജയിക്കുന്നതെങ്കിൽ കഴിഞ്ഞ പത്രസമ്മേളനത്തിൽ ജഡേജ പറഞ്ഞതുപോലെ ഇന്ത്യക്ക് ബാഗും പാക്ക് ചെയ്‌ത് നാട്ടിലേക്ക് വണ്ടി കേറേണ്ടതായി വരും.
സെമി കടക്കാൻ മൂന്ന് പേർ
രണ്ടാം ഗ്രൂപ്പിൽ നിന്ന് 8 പോയിന്‍റോടെ പാകിസ്ഥാൻ സെമി ഉറപ്പിച്ചു കഴിഞ്ഞു. ഇനി ഒരു ടീമിന് മാത്രമാണ് ഗ്രൂപ്പിൽ നിന്ന് സെമിയിലേക്ക് കടക്കാൻ സാധിക്കുക. അതിനായി ന്യൂസിലൻഡ്, ഇന്ത്യ, പാകിസ്ഥാൻ എന്നീ ടീമുകൾ തമ്മിലാണ് മത്സരിക്കുന്നത്.
നാല് കളികളിൽ നിന്ന് എട്ട് പോയിന്‍റുള്ള ന്യൂസിലൻഡാണ് പട്ടികയിൽ രണ്ടാം സ്ഥാനത്ത്. ഇന്നത്തെ മത്സരം വിജയിച്ചാൽ എട്ട് പോയിന്‍റുമായി ന്യൂസിലൻഡ് പാകിസ്ഥാനോടൊപ്പം സെമിയിൽ പ്രവേശിക്കും.
നാല് മത്സരങ്ങളിൽ നിന്ന് നാല് പോയിന്‍റ് വീതമാണ് ഇന്ത്യക്കും അഫ്‌ഗാനിസ്ഥാനും സ്വന്തമായുള്ളത്. അതിനാൽ ഇന്നത്തെ മത്സരം അഫ്‌ഗാൻ വിജയിച്ചാൽ അവർക്ക് ആറ് പോയിന്‍റ് ആകും. അടുത്ത മത്സരം നമീബിയക്കെതിരെ വിജയിച്ചാൽ ഇന്ത്യക്കും ആറ് പോയിന്‍റാകും.
അപ്പോൾ മൂന്ന് ടീമുകൾക്കും ആറ് പോയിന്‍റ്. അവിടെ വിജയിയെ നിശ്ചയിക്കുക നെറ്റ് റണ്‍റേറ്റ് ആയിരിക്കും. അങ്ങനെ വന്നാൽ ഗ്രൂപ്പിലെ തന്നെ ഏറ്റവുമധികം റണ്‍റേറ്റുള്ള ഇന്ത്യക്കാകും അവിടെ വിജയി.
അഫ്‌ഗാൻ വിജയിക്കണം...
പക്ഷേ ഈ കണക്കുകൂട്ടലുകളെല്ലാം നടക്കണമെങ്കിൽ ഇന്നത്തെ ന്യൂസിലൻഡ്- അഫ്‌ഗാൻ മത്സരത്തിൽ അഫ്‌ഗാനിസ്ഥാൻ വിജയിക്കണം. വൈകിട്ട് 3.30 ന് അബുദാബിയിലാണ് മത്സരം. ശക്തർ ന്യൂസിലൻഡ് ആണെങ്കിലും അട്ടിമറിക്ക് പേര് കേട്ട ടീമിണ് അഫ്‌ഗാനിസ്ഥാൻ.
ന്യൂസിലൻഡിന്‍റെ പേസ് നിരപോലെ തന്നെ ശക്തമാണ് അഫ്‌ഗാന്‍റെ സ്‌പിൻ നിര. അതിനാൽ വിജയം ആർക്കൊപ്പമെന്ന് പ്രവചനങ്ങൾക്ക് മത്സരം കഴിയുന്നത് വരെ പ്രസക്തിയുണ്ടാകില്ല.
ALSO READ : രവി ശാസ്‌ത്രി അഹമ്മദാബാദ് ഐപിഎൽ ടീമിന്‍റെ പരിശീലകനായേക്കുമെന്ന് സൂചന