ന്യൂഡൽഹി : ടി20 ലോകകപ്പിൽ ന്യൂസിലൻഡിനോട് തോൽവി വഴങ്ങി സെമി സാധ്യതകൾക്ക് മങ്ങലേറ്റ ഇന്ത്യൻ ടീമിനെ വിമർശിച്ച് മുൻ താരം ഗൗതം ഗംഭീർ. നോക്കൗട്ട് മത്സരങ്ങൾ വിജയിക്കാനുള്ള മനക്കരുത്ത് കോലിക്കും സംഘത്തിനും ഇല്ല എന്നായിരുന്നു താരത്തിന്‍റെ വിമർശനം.
ഇന്ത്യൻ ടീമിന്‍റെ പ്രതിഭക്ക് ഒരു കുറവുമില്ല. എന്നാൽ നോക്കൗട്ട് മത്സരങ്ങൾ വിജയിക്കാനുള്ള മനക്കരുത്ത് ടീമിന് ഒട്ടും തന്നെ ഇല്ല. രാജ്യങ്ങൾ തമ്മിലുള്ള പരമ്പരയിൽ പ്രതിഭ കൊണ്ട് തിളങ്ങാൻ സാധിക്കും. എന്നാൽ ഇത്തരം ടൂർണമെന്‍റുകളിൽ വിജയിക്കാൻ പ്രതിഭ മാത്രം പോര, തലയുയർത്തി നിന്ന് പോരാടാനുള്ള ധൈര്യവും വേണം, ഗംഭീർ പറഞ്ഞു.
ന്യൂസിലൻഡിനെതിരായ മത്സരം ഇന്ത്യക്ക് ക്വാർട്ടർ ഫൈനൽ പോലെ പ്രധാനമായിരുന്നു. എന്നാൽ തകർച്ചയിൽ നിന്ന് ഉയർത്തെഴുനേൽക്കാൻ ടീം ഇതുവരെ പഠിച്ചിട്ടില്ല. നിർണായക മത്സരത്തിൽ ടീമിനെ കൈപിടിച്ചുയർത്താൻ ഒരു താരവും ഇല്ലാത്ത അവസ്ഥയാണ് ഇപ്പോൾ ഇന്ത്യൻ ടീമിന്, ഗംഭീർ കൂട്ടിച്ചേർത്തു.
ALSO READ : 'റോബോട്ടുകളല്ല'; ഇന്ത്യന്‍ ടീമിന് പിന്തുണയുമായി കെവിന്‍ പീറ്റേഴ്‌സണ്‍
അതേ സമയം ക്യാപ്‌റ്റൻ വിരാട് കോലിക്കെതിരെയും ഗംഭീർ വിമർശനമുയർത്തി. എല്ലാത്തിനോടും പ്രതികരിക്കുന്ന കോലിയുടെ അഗ്രസീവ് സ്വഭാവത്തെ വിമർശിച്ച ഗംഭീർ ന്യൂസിലൻഡ് ക്യാപ്‌റ്റൻ കെയ്‌ൻ വില്യംസണെ അഭിനന്ദിച്ചു.
മത്സരത്തിൽ ഇരു ടീമുകൾക്കും തുല്യ സമ്മർദമാണ് ഉണ്ടായിരുന്നത്. എന്നാൽ ന്യൂസിലൻഡ് ക്യാപ്‌റ്റൻ വളരെ ശാന്തനായാണ് കാണപ്പെട്ടത്. എല്ലായ്‌പ്പോഴും വികാരം പ്രകടിപ്പിക്കേണ്ട കാര്യമില്ല. എല്ലാത്തിനും പ്രതികരിച്ചത് കൊണ്ടും നിങ്ങൾക്ക് മറ്റാരെക്കാളും പാഷനുണ്ടെന്ന് അർഥമില്ലെന്നും ഗംഭീർ കോലിയുടെ പേരെടുത്ത് പറയാതെ വിമർശിച്ചു.