ന്യൂകാംപ് : ബാഴ്‌സലോണ പരിശീലകനായി സ്ഥാനം ഏറ്റെടുത്ത് വെറും 134 ദിവസങ്ങൾ കൊണ്ട് സാവി ടീമിൽ നടത്തുന്നത് അവിശ്വസനീയമെന്ന് വിളിക്കാവുന്ന വിപ്ലവം. ബാഴ്‌സയുടെ എക്കാലത്തെയും മികച്ച താരമായ മെസി ടീം വിട്ടുപോയതിന് പിന്നാലെ തകർന്നടിഞ്ഞ ബാഴ്‌സലോണയെ പഴയ പ്രതാപത്തിലേക്ക് തിരികെ കൈപിടിച്ച് നടത്തുകയാണ് സാവി.
സാമ്പത്തിക പരാധീനതയും കോളിളക്കം സൃഷ്‌ടിച്ചപ്പോൾ ബാഴ്‌സലോണ ചരിത്രത്തിലെ വലിയ പ്രതിസന്ധിയാണ് നേരിട്ടത്. ലാ ലിഗയിൽ മുമ്പ് എങ്ങുമില്ലാത്ത വിധം ബാഴ്‌സ പിന്തള്ളപ്പെട്ടു. ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാനുള്ള ടീമിന്‍റെ സാധ്യത മങ്ങി. അപ്പോഴാണ് റൊണാൾഡ് കോമാന് പകരം ബാഴ്‌സലോണ മുൻ ഇതിഹാസ താരത്തെ പരിശീലകൻ ആയി നിയമിക്കുന്നത്. ആ സമയത്ത് ഖത്തറിൽ അൽ അഹ്‌ലി ക്ലബിന്‍റെ പരിശീലകനായിരുന്ന സാവി അതുപേക്ഷിച്ചാണ് തന്‍റെ പഴയ ടീമിന്‍റെ രക്ഷാദൗത്യം ഏറ്റെടുക്കുന്നത്.
ലാ ലിഗയിൽ ആദ്യ മത്സരം എസ്‌പാന്യോളിനോട് ജയിച്ചുതുടങ്ങിയ സാവിക്ക് പക്ഷേ തുടക്കത്തിൽ കാര്യങ്ങൾ എളുപ്പമായിരുന്നില്ല. റയൽ ബെറ്റിസിനോട് ലീഗ് മത്സരം തോറ്റ ബാഴ്‌സ ചാമ്പ്യൻസ് ലീഗിൽ ബയേണിനോട് തകർന്ന് പുറത്തുപോയി. സൂപ്പർ കോപ്പ സെമിയിൽ റയലിനോട് എക്‌സ്‌ട്രാ ടൈമിൽ 3-2 തോൽവി വഴങ്ങിയ സാവിയുടെ ബാഴ്‌സ കോപ ഡെൽ റിയോയിൽ അത്ലറ്റികോ ബിൽബാവയോട് തോറ്റ് തുടക്കത്തിൽ തന്നെ പുറത്തുപോയി.
എന്നാൽ പതിയെ ടീമിന്‍റെ പ്രകടനങ്ങളിൽ സാവി മാജിക് പ്രകടമാവാൻ തുടങ്ങിയിരുന്നു. എവേ മത്സരങ്ങളിൽ പരാജയം അറിയാതെ ലീഗിൽ കുതിക്കാനും ബാഴ്‌സ തുടങ്ങി. ജനുവരി ട്രാൻസ്‌ഫർ ജാലകത്തിൽ ഒബമയാങ്, ഫെരാൻ ടോറസ്, ആദാമ ട്രയോറ എന്നിവർ ടീമിൽ എത്തിയതും അവർക്ക് കരുത്തായി. ഒപ്പം ടീമിൽ തിരികെയെത്തിയ പഴയ പടക്കുതിര ഡാനി ആൽവസ് കളത്തിൽ സാവിയുടെ ശബ്‌ദമായി.
യുവ താരങ്ങൾ ആയ പെഡ്രി, ഗാവി, ഫെരാൻ ടോറസ്, ട്രയോറ എന്നിവർ സാവിയുടെ കുന്തമുന ആയി. അതേസമയം എല്ലാവരും എഴുതി തള്ളിയ ഒസ്‌മാൻ ഡെമ്പേല സാവിക്ക് കീഴിൽ മികവോടെ കരിയർ തിരിച്ചുപിടിക്കുകയുമാണ്. ബാഴ്‌സ ആരാധകർ തന്നെ കൂവിയ ഡെമ്പേല 2022 ൽ 7 അസിസ്റ്റുകൾ ആണ് സാവിയുടെ ടീമിനായി നേടിയത്.