ബ്യൂനസ് അയേർസ്: ഖത്തര്‍ ഫുട്ബോള്‍ ലോകകപ്പിന്‍റെ യോഗ്യത മത്സരത്തിൽ അർജന്‍റീന നാളെ ഇറങ്ങും. നാളെ പുലർച്ചെ അഞ്ച് മണിക്ക് നടക്കുന്ന മത്സരത്തിൽ ലാറ്റിനമേരിക്കൻ മേഖലയിലെ അവസാന സ്ഥാനക്കാരായ വെനസ്വേലയാണ് എതിരാളികൾ. സൂപ്പർതാരം ലയണൽ മെസിയും ടീമിലുണ്ട്.
കൊവിഡ് ബാധിതനായ ലൗട്ടറ്റോ മാർട്ടിനസിന് മത്സരം നഷ്‌ടമാകും. അഞ്ച് യുവതാരങ്ങളെ ലിയോണൽ സ്‌കലോണി ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ബ്രസീലിന് പിന്നിൽ രണ്ടാമതുള്ള അർജന്‍റീന നേരത്തെ ഖത്തർ ലോകകപ്പിന് യോഗ്യത ഉറപ്പാക്കിയിട്ടുണ്ട്. തുടർച്ചയായി 29 മത്സരങ്ങളിൽ അപരാജിതരായി മുന്നേറുകയാണ് അർജന്‍റീന.
ഇന്ന് പുലര്‍ച്ചെ നടന്ന മത്സരത്തില്‍ ചിലെയെ ബ്രസീല്‍ എതിരില്ലാത്ത നാല് ഗോളിന് തോല്‍പിച്ചു. നെയ്‌മറിനൊപ്പം വിനീഷ്യസ് ജൂനിയറിനെ അണിനിരത്തിയാണ് ടിറ്റെ ടീമിനെ ഇറക്കിയത്. സൂപ്പര്‍താരം നെയ്‌മര്‍, വിനീഷ്യസ് ജൂനിയര്‍, ഫിലിപ്പെ കുട്ടീഞ്ഞോ, റിച്ചാര്‍ലിസണ്‍ എന്നിവരാണ് കാനറികളുടെ സ്‌കോറര്‍മാര്‍.
ഇന്നു പുലർച്ചെ നടന്ന യോഗ്യത മത്സരത്തിൽ പാരഗ്വായോട് ഒന്നിനെതിരെ മൂന്നു ഗോളുകൾക്കു തോറ്റെങ്കിലും, ആദ്യ നാലു സ്ഥാനങ്ങളിലൊന്ന് ഉറപ്പിച്ചാണ് ഇക്വഡോർ ഖത്തർ ലോകകപ്പിന് ടിക്കറ്റെടുത്തത്. മറ്റൊരു മത്സരത്തിൽ പെറുവിനെ ഏകപക്ഷീയമായ ഒരു ഗോളിനു തോൽപ്പിച്ചാണ് യുറഗ്വായ് ലോകകപ്പിന് യോഗ്യത നേടി.
അതേസമയം യൂറോ ചാമ്പ്യൻമാരായ ഇറ്റലി ഖത്തര്‍ ഫുട്ബോള്‍ ലോകകപ്പിന് യോഗ്യത നേടാനാകാതെ പുറത്തായി. യോഗ്യത മത്സരത്തിൽ നോർത്ത് മാസിഡോണിയയാണ് എതിരില്ലാത്ത ഒരു ഗോളിന് ഇറ്റലിയെ അട്ടിമറിച്ചത്. തുർക്കിക്കെതിരെ 3-1 ന്‍റെ ജയം നേടിയ പോർച്ചുഗൽ യൂറോപ്യൻ പ്ലേഓഫ് ഫൈനലിലേക്ക് മുന്നേറി. പ്ലേ ഓഫ് ഫൈനലിൽ നോർത്ത് മാസിഡോണിയയാണ് പോർച്ചുഗലിന്‍റെ എതിരാളികൾ.
ALSO READ: World cup 2022 | ഖത്തർ ലോകകപ്പിൽ ഔദ്യോഗിക സ്‌പോണ്‍സറായി ബൈജൂസ്