മോസ്‌കോ: ലോക ബോക്‌സിങ് ചാമ്പ്യൻഷിപ്പില്‍ ഇന്ത്യൻ താരം അമിത് പംഗലിന് വെള്ളിത്തിളക്കം. പുരുഷന്മാരുടെ 52 കിലോഗ്രാം വിഭാഗം ഫൈനലില്‍ ഉസ്‌ബെക്കിസ്ഥാന്‍റെ ഷക്കോബിദിൻ സെയ്‌റോവിനോടാണ് അമിത് പംഗല്‍ അടിയറവ് പറഞ്ഞത്. ഇതോടെ ലോക ബോക്‌സിങ് ചാമ്പ്യൻഷിപ്പില്‍ വെള്ളി നേടുന്ന ആദ്യ ഇന്ത്യൻ പുരുഷ താരമായി അമിത് പംഗല്‍.
നിലവിലെ ഒളിമ്പിക് ചാമ്പ്യനായ സൈറാവിനോട് 5-0ത്തിനാണ് അമിത് പരാജയപ്പെട്ടത്. നേരത്തെ വനിത വിഭാഗത്തില്‍ മേരികോം ലോകചാമ്പ്യൻഷിപ്പ് നേടിയിരുന്നു. എന്നാല്‍ പുരുഷ താരത്തിന് ഇതുവരെ ആ നേട്ടം കൈവരിക്കാനായിരുന്നില്ല. കടുത്ത പോരാട്ടം നടന്ന സെമിഫൈനലിനൊടുവില്‍ കസാഖ്‌സ്‌താന്‍റെ സാകെൻ ബിബോസിനോവിനെ പരാജയപ്പെടുത്തിയാണ് അമിത് പംഗല്‍ ഫൈനലില്‍ പ്രവേശിച്ചത്. അതിനൊപ്പം ഒളിമ്പിക്‌സ് ബർത്തും അമിത് സ്വന്തമാക്കിയിരുന്നു.
ലോക ബോക്‌സിങ് ചാമ്പ്യൻഷിപ്പില്‍ പുരുഷ വിഭാഗത്തില്‍ ഇതുവരെ വെങ്കലനേട്ടം മാത്രമാണ് ഇന്ത്യക്ക് അവകാശപ്പെടാനുണ്ടായിരുന്നത്. നേരത്തെ വിജേന്ദർ സിങ്, വികാസ് കൃഷ്‌ണൻ, ശിവ ഥാപ്പ, ഗൗരവ് ബിഥൂരി, മനീഷ് കൗശിക് എന്നിവരാണ് വെങ്കലം നേടിയത്.