യൂജിന്‍ : ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ വനിതകളുടെ 100 മീറ്റർ ഹർഡിൽസില്‍ ലോക റെക്കോഡുമായി നൈജീരിയയുടെ ടോബി അമുസൻ. മത്സരത്തിന്‍റെ സെമിയിലാണ് ടോബി റെക്കോഡ് പ്രകടനം നടത്തിയത്. 12.12 സെക്കന്‍ഡില്‍ മത്സരം പൂര്‍ത്തിയാക്കിയ അമുസന്‍ അമേരിക്കന്‍ താരം കെന്‍ഡ്ര സ്ഥാപിച്ച റെക്കോഡാണ് പഴങ്കഥയാക്കിയത്.
2016ല്‍ 12.20 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്‌തായിരുന്നു കെന്‍ഡ്രയുടെ റെക്കോഡ്. ഇതിനെ 0.08 സെക്കൻഡുകള്‍ക്കാണ് അമുസൻ തകര്‍ത്തത്. തുടര്‍ന്ന് നടന്ന ഫൈനലില്‍ 12.06 സെക്കന്‍ഡോടെ താരം സ്വര്‍ണം നേടിയെങ്കിലും ഇത് റെക്കോഡായി പരിഗണിച്ചില്ല. മത്സര സമയത്ത് കാറ്റിന്‍റെ ആനുകൂല്യം കൂടുതലായതിനാലാണ് ഈ സമയം റെക്കോഡായി കണക്കാക്കാതിരുന്നത്.
സെക്കന്‍ഡില്‍ 2.5 മീറ്ററായിരുന്നു കാറ്റിന്‍റെ ആനുകൂല്യം. അനുവദനീയമായതിനേക്കാള്‍ .5 മീറ്റര്‍ കൂടുതലാണിത്. ജമൈക്കയുടെ ബ്രിട്ട്ണി ആന്‍ഡേഴ്‌സനാണ് വെള്ളി. 12.23 സെക്കന്‍ഡിലാണ് താരം മത്സരം പൂര്‍ത്തിയാക്കിയത്.
പോര്‍ട്ടോ റിക്കോയുടെ ജാസ്മിന്‍ കമാച്ചോ ക്വിന്നാണ് വെങ്കലം നേടിയത്. 12.23 സെക്കന്‍ഡില്‍ തന്നെ ഫിനിഷ് ചെയ്‌തെങ്കിലും .229 മില്ലി സെക്കന്‍ഡിന്‍റെ വ്യത്യാസത്തിലാണ് താരം മൂന്നാമതായത്.