ഇസ്താംബുൾ (തുർക്കി): വനിത ലോക ബോക്‌സിങ് ചാമ്പ്യൻഷിപ്പില്‍ ഇന്ത്യയുടെ നിഖാത് സരീൻ, പർവീൺ, അനാമിക, ജെയ്‌സ്‌മിൻ എന്നിവർ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. 52 കിലോ വിഭാഗത്തിലെ രണ്ടാം റൗണ്ട് പോരാട്ടത്തില്‍ മംഗോളിയൻ എതിരാളിയായ അൽതാൻസെറ്റ്സെഗിനെയാണ് നിഖാത് സരീൻ 5-0 ന് കീഴടക്കിയത്. അടുത്ത മത്സരത്തില്‍ ഇംഗ്ലണ്ടിന്റെ ചാർലി ഡേവിസണാണ് നിഖാതിന്റെ എതിരാളി.
യഥാക്രമം 63 കിലോ, 50 കിലോ വിഭഗത്തിലാണ് പർവീണിന്‍റെയും അനാമികയുടേയും മുന്നേറ്റം. പർവീണ്‍ അമേരിക്കയുടെ സോഫിയ ജജാരിയ ഗോൺസാലസിനേയും, അനാമിക ഓസ്‌ട്രേലിയയുടെ ക്രിസ്റ്റി ലീ ഹാരിസിനേയും 5-0 എന്ന സമാന മാർജിനിലാണ് തോല്‍പ്പിച്ചത്.
ക്വാർട്ടർ ഫൈനലിൽ താജിക്കിസ്ഥാന്‍റെ ഷൊയ്‌റ സുൽകെയ്‌നരോവയാണ് പർവീണിന്‍റെ എതിരാളി. എന്നാല്‍ കൊളംബിയയുടെ റിയോ ഒളിമ്പിക്‌സ് വെങ്കല മെഡൽ ജേതാവ് ഇൻഗ്രിറ്റ് വലൻസിയയാണ് അനാമികയെ കാത്തിരിക്കുന്നത്.
also read: തോമസ് കപ്പ് നേട്ടം കരിയറിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്ന്: കിഡംബി ശ്രീകാന്ത്
അതേമയം 60 കിലോ വിഭാഗത്തില്‍ ഓസ്‌ട്രേലിയയുടെ ആഞ്ചല ഹാരിസിനെ പരാജയപ്പെടുത്തിയാണ് ജെയ്‌സ്‌മിൻ അവസാന എട്ടിലേക്ക് കടന്നത്. 2019-ലെ ലോക ചാമ്പ്യൻഷിപ്പിലെ വെങ്കല മെഡൽ ജേതാവ് റാഷിദ എല്ലിസിനെതിരെയാണ് താരം ക്വാർട്ടറിലിറങ്ങുന്നത്.