ആംസ്റ്റല്‍വീന്‍ (നെതര്‍ലന്‍ഡ്‌സ്): വനിത ഹോക്കി ലോകകപ്പില്‍ ഇന്ത്യയ്‌ക്ക് വീണ്ടും സമനില. പൂള്‍ ബിയിലെ തങ്ങളുടെ രണ്ടാം മത്സരത്തില്‍ ചൈനയോടാണ് ഇന്ത്യ സമനില വഴങ്ങിയത്. ഓരോ ഗോളുകള്‍ വീതം നേടിയാണ് ഇരു ടീമുകളും പിരിഞ്ഞത്.
ചൈനയ്‌ക്കായി ഷെങ് ജിയാലിയും ഇന്ത്യയ്‌ക്കായി വന്ദന കടാരിയയും ലക്ഷ്യം കണ്ടു. മത്സരത്തിന്‍റെ 25-ാം മിനുട്ടില്‍ മുന്നിലെത്തിയ ചൈനയ്‌ക്ക് 44-ാം മിനുട്ടിലാണ് വന്ദനയിലൂടെ ഇന്ത്യ മറുപടി നല്‍കിയത്. ഇംഗ്ലണ്ടിന് എതിരായ ആദ്യ മത്സരത്തിലും ഇന്ത്യ 1-1ന് സമനില വഴങ്ങിയിരുന്നു.
ഈ മത്സരത്തിലും വന്ദനയാണ് ഇന്ത്യയ്‌ക്കായി ഗോള്‍ നേടിയത്. ഇതോടെ പൂള്‍ ബിയില്‍ രണ്ട് പോയിന്‍റോടെ നിവലില്‍ ഒന്നാം സ്ഥാനത്താണ് ഇന്ത്യ. ജൂലൈ ഏഴിന് ന്യൂസിലന്‍ഡിന് എതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.
സ്റ്റാർ സ്‌പോർട്‌സ് 1, സ്റ്റാർ സ്‌പോർട്‌സ് 1 എച്ച്‌ഡി ചാനലുകളില്‍ എഫ്‌ഐഎച്ച് ഹോക്കി വനിത ലോകകപ്പ് 2022 മത്സരം തത്സമയം സംപ്രേക്ഷണം ചെയ്യുന്നുണ്ട്. കൂടാതെ ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിലും മത്സരം ലഭ്യമാണ്.