ആംസ്റ്റല്‍വീന്‍ (നെതര്‍ലന്‍ഡ്‌സ്): വനിത ഹോക്കി ലോകകപ്പിലെ ആദ്യ മത്സരത്തിന് ഇന്ത്യ ഇന്നിറങ്ങും. പൂള്‍ ബിയില്‍ രാത്രി എട്ടിന് നടക്കുന്ന മത്സരത്തില്‍ ഇംഗ്ലണ്ടാണ് എതിരാളികള്‍. ക്യാപ്‌റ്റന്‍ റാണി റാംപാല്‍ പരിക്കേറ്റ് പുറത്തായതിനാല്‍ ഗോള്‍കീപ്പര്‍ സവിത പൂനിയയാണ് ഇന്ത്യയെ നയിക്കുന്നത്. 2021ലെ ടോക്കിയോ ഒളിമ്പിക്‌സിലെ വെങ്കല പോരാട്ടത്തില്‍ തോല്‍പ്പിച്ച കണക്ക് തീര്‍ക്കാന്‍ കൂടിയാവും ഇന്ത്യ ഇംഗ്ലണ്ടിന് എതിരെ ഇറങ്ങുക.
ഏഷ്യ കപ്പില്‍ മൂന്നാം സ്ഥാനത്ത് എത്തിയാണ് ഇന്ത്യ ലോകകപ്പ് യോഗ്യത ഉറപ്പിച്ചത്. ഈ പ്രകടനത്തിന്‍റെ ആത്മവിശ്വാസം ഇന്ത്യയ്‌ക്ക് കരുത്താവും. എന്നാല്‍ റാണി റാംപാലിന്‍റെ അഭാവം തിരിച്ചടിയാണ്.
ലോകകപ്പില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനം 1974ലെ നാലാം സ്ഥാനമാണ്. 2018ല്‍ എട്ടാം സ്ഥാനത്ത് എത്താനേ ഇന്ത്യയ്‌ക്ക് കഴിഞ്ഞുള്ളു. ചൈന (ജൂലൈ-5), ന്യൂസിലന്‍ഡ് (ജൂലൈ-7) എന്നിവരുമായാണ് പൂള്‍ ബിയില്‍ ഇന്ത്യ കളിക്കുക.
മുന്‍കണക്ക്: ഇന്ത്യയ്‌ക്ക് എതിരായ നേര്‍ക്കുനേര്‍ പോരാട്ടങ്ങളില്‍ ഇംഗ്ലണ്ടിന് മേല്‍ക്കൈയുണ്ട്. നേരത്തെ ഏഴ് മത്സരങ്ങളില്‍ ഇരുസംഘവും ഏറ്റുമുട്ടിയപ്പോള്‍ മൂന്ന് മത്സരങ്ങള്‍ ജയിച്ച ഇംഗ്ലണ്ട് ഒന്നില്‍ മാത്രമാണ് തോല്‍വി വഴങ്ങിയത്. മൂന്ന് മത്സരങ്ങള്‍ സമനിലയില്‍ കലാശിച്ചു. ലോക റാങ്കിങ്ങിലും ഇംഗ്ലണ്ട് ഇന്ത്യയ്‌ക്ക് മുന്നിലാണ്. നാലാം സ്ഥാനത്ത് ഇംഗ്ലണ്ട് ഉള്ളപ്പോള്‍ ആറാം റാങ്കിലാണ് ഇന്ത്യ.
എവിടെ കാണാം: സ്റ്റാർ സ്‌പോർട്‌സ് 1, സ്റ്റാർ സ്‌പോർട്‌സ് 1 എച്ച്‌ഡി ചാനലുകളില്‍ എഫ്‌ഐഎച്ച് ഹോക്കി വനിത ലോകകപ്പ് 2022 മത്സരം തത്സമയം സംപ്രേക്ഷണം ചെയ്യുന്നുണ്ട്. ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിലും മത്സരം ലഭ്യമാണ്.