ലണ്ടൻ: യുക്രൈൻ അഭയാര്‍ഥികള്‍ക്ക് സൗജന്യമായി വിംബിള്‍ഡണ്‍ ടെന്നീസ് ടൂര്‍ണമെന്‍റ് കാണാന്‍ ഓള്‍ ഇംഗ്ലണ്ട് ലോണ്‍ ടെന്നീസ് ക്ലബ്ബ് അവസരമൊരുക്കുന്നു. യുക്രൈൻ അഭയാര്‍ഥികള്‍ക്ക് പിന്തുണ നല്‍കുന്നതിന്‍റെ ഭാഗമായിട്ടാണ് തീരുമാനം. റഷ്യന്‍ അധിനിവേശത്തെത്തുടര്‍ന്ന് ദുരിതമനുഭവിക്കുന്ന യുക്രൈൻ അഭയാര്‍ഥികള്‍ക്ക് 250,000 പൗണ്ടിന്‍റെ ധനസഹായവും അധികൃതർ പ്രഖ്യാപിച്ചിട്ടുണ്ട്.
മെർട്ടൺ, വാൻഡ്‌സ്‌വർത്ത് നഗരങ്ങളിലെ യുക്രേനിയൻ അഭയാർഥികൾക്കും അവരുടെ സ്‌പോൺസർമാർക്കും ചാരിറ്റി ഡെലിവറി പങ്കാളികൾക്കും ടിക്കറ്റിന് അർഹതയുണ്ടെന്നും സംഘാടകർ അറിയിച്ചു. നേരത്തേ യുക്രെയ്ന്‍ അധിനിവേശത്തെത്തുടര്‍ന്ന് റഷ്യ, ബെലാറൂസ് താരങ്ങള്‍ക്ക് വിംബിള്‍ഡണ്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അധികൃതരുടെ പുതിയ പ്രഖ്യാപനം.
ജൂൺ 27നാണ് സെന്‍റര്‍ കോര്‍ട്ടില്‍ വിംബിള്‍ഡണ്‍ മത്സരങ്ങള്‍ക്ക് തുടക്കമാകുന്നത്. ഓസ്‌ട്രേലിയന്‍ ഓപ്പണും ഫ്രഞ്ച് ഓപ്പണും ജയിച്ച റാഫേല്‍ നദാലിന്‍റെ പുല്‍ക്കോര്‍ട്ടിലെ പ്രകടനം കാണാനും ആരാധകര്‍ കാത്തിരിക്കുകയാണ്. 12 മാസത്തെ ഇടവേളക്ക് ശേഷം കോര്‍ട്ടിലേക്ക് തിരിച്ചെത്തിയ സെറീന വില്യംസും വിംബിള്‍ഡണില്‍ മത്സരിക്കാനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കരിയറിലെ 24-ാം ഗ്രാന്‍ഡ് സ്ലാം ആണ് സെറീനയുടെ ലക്ഷ്യം. പുരുഷൻമാരിൽ നൊവാക് ജോക്കേവിച്ചും വനിതകളിൽ പോളണ്ടിന്‍റെ ഇഗ ഷ്വാംടെകുമാണ് ടോപ് സീഡ്.