ലണ്ടൻ: ഈ വർഷത്തെ വിംബിൾഡണ്‍ ചാമ്പ്യൻഷിപ്പിലെ സമ്മാനത്തുക 40.3 മില്യൺ പൗണ്ടായിരിക്കുമെന്ന്(ഏകദേശം 380 കോടി) ഓൾ ഇംഗ്ലണ്ട് ലോൺ ടെന്നീസ് ക്ലബ് അറിയിച്ചു. 35 മില്യണ്‍ പൗണ്ടായിരുന്നു കഴിഞ്ഞ വർഷത്തെ സമ്മാനത്തുക. മുന്‍വര്‍ഷത്തേക്കാള്‍ 11.1 ശതമാനമാണ് ഇത്തവണ വർധനവ്.
പുരുഷ, വനിത സിംഗിൾസ് ചാമ്പ്യന്മാർക്ക് 2 മില്യണ്‍ പൗണ്ടാണ് (19 കോടിയിലധികം) സമ്മാനത്തുക. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് 17.6 ശതമാനമാണ് സമ്മാനത്തുകയിൽ വർധനവ്. കൂടാതെ 2019-ന് ശേഷം മൂന്ന് വർഷത്തിനിടെ ആദ്യമായി മത്സരത്തിൽ മുഴുവൻ കാണികൾക്കും പ്രവേശനം അനുവദിച്ചിട്ടുണ്ട്.
വീൽചെയർ, ക്വാഡ് വീൽചെയർ ഇവന്‍റുകൾക്കുള്ള സമ്മാനത്തുകയിൽ 40% വർധനവ് ഉണ്ടായിട്ടുണ്ട്. അതേസമയം റഷ്യയുടെ യുക്രൈൻ അധിനിവേശത്തെത്തുടർന്ന് റഷ്യ, ബലറൂസ് താരങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയതിനാൽ വിംബിൾഡണിലെ പ്രകടനം താരങ്ങളുടെ റാങ്കിങ് പോയിന്‍റിൽ പരിഗണിക്കില്ലെന്ന് അധികൃതർ തീരുമാനിച്ചിട്ടുണ്ട്.
ജൂണ്‍ 27 മുതൽ ജൂലൈ 10 വരെയാണ് ഇത്തവണത്തെ വിംബിൾഡണ്‍ ടൂർണമെന്‍റ്. നൊവാക് ജോക്കോവിച്ചാണ് കഴിഞ്ഞ തവണത്തെ പുരുഷ സിംഗിൾസ് ജേതാവ്. വനിത സിംഗിൾസിലെ കഴിഞ്ഞ വർഷത്തെ വിജയി ആഷ്‌ലീ ബാർട്ടി മാർച്ചിൽ ടെന്നീസിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു.