കുർട്ടേൻ : ടോക്യോ ഒളിംപിക്‌സിൽ ജാവലിന്‍ ത്രോ സ്വർണ മെഡൽ ജേതാവ് നീരജ് ചോപ്ര ഇന്ന് വീണ്ടും കളത്തിലിറങ്ങും. ഫിൻലാൻഡിലെ കുർട്ടേൻ ഗെയിംസിലാണ് ഇന്ന് നീരജ് ഇറങ്ങുന്നത്. പാവോ നൂർമി ഗെയിംസിൽ 89.30 മീറ്റർ ദൂരമെറിഞ്ഞ് വെള്ളി നേടിയ നീരജിന് 90 മീറ്റർ ദൂരം താണ്ടാനാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
പാവോ നൂർമി ഗെയിംസിൽ 89.83 മീറ്ററുമായി സ്വർണം നേടിയ ആതിഥേയ താരം ഒലിവർ ഹെലാൻഡർ കുർട്ടേൻ ഗെയിംസിൽ ഇറങ്ങുന്നുണ്ട്. സീസണിൽ 93.07 മീറ്റർ ദൂരം കണ്ടെത്തിയ ലോക ചാംപ്യൻ ആൻഡേഴ്‌സൻ പീറ്റേഴ്‌സ് മറ്റൊരു പ്രധാന എതിരാളിയായിരിക്കും. എങ്കിലും, കഴിഞ്ഞ ഒരു മാസമായി ഫിൻലൻഡിലാണ് പരിശീലനമെന്നത് നീരജിന് നേട്ടമാണ്.
90 മീറ്റർ മറികടക്കാനായാൽ ഈ നേട്ടത്തിലെത്തുന്ന 22-ാം കായികതാരമാകും നീരജ് ചോപ്ര. 30-ാം തീയതി സ്വീഡനിലെ സ്റ്റോക്ഹോമിൽ ഡയമണ്ട് ലീഗിലും നീരജ് മത്സരിക്കും. അടുത്ത മാസം നടക്കുന്ന ലോക ചാംപ്യൻഷിപ്പും തുടർന്നുള്ള കോമൺവെൽത്ത് ഗെയിംസുമാണ് ഒളിംപിക്‌സിന് മുൻപ് നീരജിന്‍റെ പ്രധാനലക്ഷ്യം.