ലണ്ടൻ : ഇംഗ്ലീഷ് പ്രീമിയർ ലീഗ് മത്സരങ്ങൾ അവസാന ഘട്ടത്തിലേക്ക് അടുക്കുകയാണ്. ഇതോടെ ടോപ് ഫോറിൽ ഫിനിഷ് ചെയ്‌ത് അടുത്ത സീസണിൽ ആരൊക്കെ ചാമ്പ്യൻസ് ലീഗ് യോഗ്യത നേടുമെന്നതാണ് ഫുട്ബോൾ പ്രേമികൾ ഉറ്റുനോക്കുന്നത്. പ്രീമിയർ ലീഗ് കിരീടപ്പോരാട്ടത്തിൽ ഇഞ്ചോടിഞ്ച് പൊരുതുന്ന ഒന്നും രണ്ടും സ്ഥാനക്കാരായ ആഴ്‌സണലും മാഞ്ചസ്റ്റർ സിറ്റിയും അടുത്ത സീസണിൽ ചാമ്പ്യൻസ് ലീഗ് കളിക്കുമെന്ന് ഉറപ്പാണ്.
ടോപ് ഫോറിൽ ഫിനിഷ് ചെയ്യാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള മറ്റ് രണ്ട് ടീമുകൾ ആരൊക്കെയായിരിക്കും എന്നതിലാണ് ആരാധകർക്കിടയിൽ വ്യത്യസ്‌ത അഭിപ്രായങ്ങൾ ഉള്ളത്. നിലവിൽ പോയിന്‍റ് ന്യൂകാസിൽ യുണൈറ്റഡ് മൂന്നാമതും മാഞ്ചസ്റ്റർ യുണൈറ്റഡ് നാലാമതുമാണ്. പ്രമുഖ സ്‌പോർട്‌സ് വെബ്‌സൈറ്റായ ഫൈവ്‌തേർട്ടിഎയ്‌റ്റ്.കോം (FiveThirtyEight.com) സൂപ്പർ കമ്പ്യൂട്ടറിന്‍റെ സഹായത്തോടെ നടത്തിയ പ്രവചന ഫലമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
31 മത്സരങ്ങളിൽ നിന്ന് 59 പോയിന്‍റുമായാണ് ന്യൂകാസിൽ യുണൈറ്റഡ് പോയിന്‍റ് ടേബിളിൽ നിലവിൽ മൂന്നാം സ്ഥാനത്ത് തുടരുന്നത്. സൂപ്പർ കമ്പ്യൂട്ടറിന്‍റെ പ്രവചന പ്രകാരം അവസാന മത്സരത്തിൽ ടോട്ടൻഹാമിനെ 6-1ന് തകർത്തെറിഞ്ഞ ന്യൂകാസിൽ ആദ്യ നാലിൽ ഫിനിഷ് ചെയ്യാൻ 86 ശതമാനം ശതമാനം സാധ്യതയാണുള്ളത്. 30 മത്സരങ്ങളിൽ നിന്ന് 59 പോയിന്‍റുമായി പട്ടികയിൽ നാലാമതുള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് സാധ്യതയിൽ ന്യൂകാസിലിന് തൊട്ടു പിന്നിലാണ്. ടെൻ ഹാഗിന് കീഴിൽ മികച്ച ഫുട്‌ബോൾ കളിക്കുന്ന യുണൈറ്റഡ് വരും സീസണിൽ ചാമ്പ്യൻസ് ലീഗ് കളിക്കാൻ 85 ശതമാനം സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
ലീഗിലെ അവസാന രണ്ട് മത്സരങ്ങൾ ജയിച്ചതോടെ ലിവർപൂളിന്‍റെ ചാമ്പ്യൻസ് ലീഗ് യോഗ്യത സാധ്യതകൾ അൽപം വർധിച്ചിട്ടുണ്ട്. നേരത്തെ ഉണ്ടായിരുന്ന ഏഴിൽ നിന്ന് ഇപ്പോൾ 10 ശതമാനമായി ഉയർന്നിരിക്കുകയാണ് യുർഗൻ ക്ലോപ്പിന്‍റെ ടീമിന്‍റെ സാധ്യതകൾ. കഴിഞ്ഞ മത്സരങ്ങളിൽ ലീഡ്‌സ് യുണൈറ്റഡിനെ 6-1നും നോട്ടിങ്ഹാം ഫോറസ്റ്റിനെ 3-2നും പരാജയപ്പെടുത്തിയിരുന്നു.
31 മത്സരങ്ങൾ പൂർത്തിയാക്കിയ ലിവർപൂൾ 50 പോയിന്‍റുമായി ടേബിളിൽ ഏഴാം സ്ഥാനത്താണ്. 49 പോയിന്‍റുമായി ബ്രൈട്ടനാണ് തൊട്ടടുത്ത സ്ഥാനത്തുള്ളത്. എന്നാൽ, ലിവർപൂളിനേക്കാൾ രണ്ട് മത്സരങ്ങൾ കുറച്ച് കളിച്ചത് ബ്രൈട്ടന് കൂടുതൽ സാധ്യത കൽപിക്കുന്നു. അടുത്ത സീസണിൽ ചാമ്പ്യൻസ് ലീഗ് യോഗ്യത ബ്രൈട്ടന് 17 ശതമാനം സാധ്യതയാണ് സൂപ്പർ കമ്പ്യൂട്ടർ നൽകുന്നത്.
32 മത്സരങ്ങളിൽ നിന്ന് 53 പോയിന്‍റുള്ള ടോട്ടൻഹാം ഹോട്‌സ്‌പറിന് വെറും രണ്ട് ശതമാനം സാധ്യതയാണുള്ളത്. ന്യൂകാസിലിനോട് കഴിഞ്ഞ മത്സരത്തിൽ നേരിട്ട വമ്പൻ തോൽവിയും പരിശീലകൻ അന്‍റോണിയോ കോണ്ടെ സ്ഥാനമൊഴിഞ്ഞതുമെല്ലാം ടോട്ടന്നത്തിന്‍റെ സാധ്യതകൾക്ക് മങ്ങൽ ഏൽപ്പിച്ചു.
കിരീടപ്പോരിൽ ആഴ്‌സണലിനെ മറികടക്കും: പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ കിരീട സാധ്യത കൽപിക്കുന്നത് മാഞ്ചസ്റ്റർ സിറ്റിക്കാണ്. നിലവിൽ ഒന്നാമതുള്ള ആഴ്‌സണലിന് 24 ശതമാനവും രണ്ടാമതുള്ള സിറ്റിയ്‌ക്ക് 76 ശതമാനവുമാണ് കിരീട സാധ്യത. ആഴ്‌സണൽ തുടർച്ചയായ മൂന്ന് മത്സരങ്ങളിൽ പോയിന്‍റ് നഷ്‌ടമാക്കിയതാണ് അവർക്ക് തിരിച്ചടിയായത്. ഇരുടീമുകളും തമ്മിൽ നാല് പോയിന്‍റ് വ്യത്യാസമാണുള്ളത്. ആഴ്‌സണലിനേക്കാൾ രണ്ട് മത്സരങ്ങൾ കുറവ് കളിച്ചതും നിലവിലെ ഫോം അനുസരിച്ച് അടുത്ത മത്സരത്തിൽ ആഴ്‌സണലിനെ തോൽപിക്കാനാകുമെന്നതുമാണ് സിറ്റിക്ക് മുൻതൂക്കം നൽകുന്നത്.
പ്രീമിയർ ലീഗിൽ നിന്ന് ചാമ്പ്യൻഷിപ്പിലേക്ക് തരംതാഴ്‌ത്തപ്പെടുന്ന ടീമുകളെയും സൂപ്പർ കമ്പ്യൂട്ടർ പ്രവചിച്ചിട്ടുണ്ട്. 32 മത്സരങ്ങൾ പൂർത്തിയാകുമ്പോൾ 24 പോയിന്‍റ് മാത്രമുള്ള സതാംപ്‌ടൺ ആണ് 88 ശതമാനവുമായി തരംതാഴ്‌ത്തപ്പെടാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള ടീം. 84 ശതമാനവുമായി നോട്ടിങ്‌ഹാം ഫോറസ്റ്റ്, 58 ശതമാനവുമായി എവർട്ടൺ എന്നീ ടീമുകളാണ് തൊട്ടടുത്ത സ്ഥാനങ്ങളിലുള്ളത്.