ന്യൂഡല്‍ഹി: അഖിലേന്ത്യ ഗുസ്‌തി ഫെഡറേഷന്‍ പ്രസിഡന്‍റും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണെതിരെ ഇന്ത്യന്‍ വനിത ഗുസ്‌തി താരങ്ങള്‍ നല്‍കിയ ലൈംഗികാതിക്ര പരാതിയില്‍ കേസന്വേഷണം ആരംഭിച്ച് ഡല്‍ഹി പൊലീസ്. താരങ്ങള്‍ വീണ്ടും ജന്തര്‍ മന്ദറില്‍ പ്രതിഷേധവുമായി രംഗത്തെത്തിയതിന് പിന്നാലെയാണ് നടപടി. കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂര്‍ ഉറപ്പുനല്‍കിയിട്ടും വിഷയത്തില്‍ ബ്രിജ് ഭൂഷണെതിരെ നടപടി ഉണ്ടാകാത്ത സാഹചര്യത്തില്‍ ഇന്നലെ രാത്രിയാണ് ഗുസ്‌തി താരങ്ങള്‍ വീണ്ടും പ്രതിഷേധവുമായി രംഗത്തെത്തിയത്.
ഒളിമ്പ്യന്‍ ബജ്‌രങ് പുനിയ, വിനേഷ് ഫൊഗാട്ട്, സാക്ഷി മാലിക് എന്നീ താരങ്ങളും ഇന്നലെ രാത്രിയില്‍ ആരംഭിച്ച പ്രതിഷേധ പരിപാടികളില്‍ പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെ ഇന്ന് രാവിലെയാണ് താരങ്ങളുടെ പരാതിയിലുള്ള അന്വേഷണത്തിന് പൊലീസ് തുടക്കമിട്ടത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ ബ്രിജ് ഭൂഷണെതിരായ പരാതി അന്വേഷിക്കാന്‍ കായിക മന്ത്രാലയം നിയോഗിച്ച സ്വതന്ത്ര അന്വേഷണ സമിതിയോട് പൊലീസ് റിപ്പോര്‍ട്ട് തേടി.
ബ്രിജ് ഭൂഷണെതിരെ ഏഴ് പരാതികളാണ് ലഭിച്ചിട്ടുള്ളത്. തെളിവുകള്‍ ലഭിച്ച ശേഷം കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുമെന്ന് ഡല്‍ഹി പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. അതേസമയം, ഇപ്പോള്‍ നടക്കുന്ന പ്രതിഷേധങ്ങളില്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്കും ഭാഗമാകാമെന്ന് ബജ്‌രങ് പുനിയ അഭിപ്രായപ്പെട്ടിരുന്നു.
'ഇവിടെ പ്രതിഷേധം നടത്തുന്ന ഞങ്ങള്‍ ഒരു രാഷ്‌ട്രീയ പാര്‍ട്ടിയുമായും യാതൊരു അനുഭാവവുമില്ല. ഇത്തവണ ബിജെപി, കോണ്‍ഗ്രസ്, ആംആദ്‌മി അങ്ങനെ ഏത് രാഷ്‌ട്രീയ പാര്‍ട്ടിക്കാര്‍ക്കും ഞങ്ങളുടെ പ്രതിഷേധത്തിനൊപ്പം ചേരാം' -ബജ്‌രങ് പുനിയ പറഞ്ഞു. കഴിഞ്ഞ തവണ സമരത്തില്‍ പങ്കെടുക്കാന്‍ രാഷ്‌ട്രീയ പാര്‍ട്ടികളെ ഗുസ്‌തി താരങ്ങള്‍ അനുവദിച്ചിരുന്നില്ല.
ഇന്നലെ ജന്തര്‍ മന്ദറില്‍ ആരംഭിച്ച പ്രതിഷേധത്തില്‍ രാത്രിയിലുടനീളം ബജ്‌രങ് പുനിയ, വിനേഷ് ഫൊഗാട്ട്, സാക്ഷി മാലിക് എന്നിവര്‍ പങ്കെടുത്തു. വിഷയത്തില്‍ കേന്ദ്ര കായിക മന്ത്രാലയം നിയോഗിച്ച അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ട് പര്യപ്പെടുത്തണമെന്ന് താരങ്ങള്‍ ആവശ്യപ്പെട്ടു. കായിക മന്ത്രാലയം തങ്ങളെ കഴിഞ്ഞ പ്രാവശ്യം തെറ്റിദ്ധരിപ്പിക്കുകയാണ് ഉണ്ടായതെന്നും താരങ്ങള്‍ ആരോപിച്ചു.
നീതിക്ക് വേണ്ടിയുള്ള പോരാട്ടമാണ് തങ്ങളെ പോഡിയത്തില്‍ നിന്നും നടപ്പാതയിലേക്ക് എത്തിച്ചത് എന്ന് വിനേഷ് ഫൊഗാട്ട് ട്വീറ്റ് ചെയ്‌തിരുന്നു. തങ്ങളുടെ പരാതിയില്‍ ഡല്‍ഹി പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാത്തത് ചൂണ്ടിക്കാട്ടി രേഖപ്പെടുത്തിയ ട്വീറ്റില്‍ സുപ്രീം കോടതി, പിഎംഒ, ദേശീയ മനുഷ്യാവകാശ കമ്മിഷൻ, കായിക മന്ത്രാലയം എന്നിവയേയും ഫൊഗാട്ട് പരാമര്‍ശിച്ചിട്ടുണ്ട്.
ഈ വര്‍ഷം ജനുവരിയിലാണ് ഇന്ത്യന്‍ ഗുസ്‌തി താരങ്ങള്‍ ബ്രിജ് ഭൂഷണെതിരെ ലൈംഗികാതിക്രമ പരാതിയുമായി രംഗത്തെത്തിയത്. ബ്രിജ് ഭൂഷണെതിരെ നടപടി ആവശ്യപ്പെട്ട് ജന്തര്‍ മന്ദറില്‍ തന്നെയായിരുന്നു താരങ്ങളുടെ പ്രതിഷേധം. ജനുവരി 18ന് ആരംഭിച്ച സമരം മൂന്ന് ദിവസമാണ് നീണ്ടുനിന്നത്. സര്‍ക്കാര്‍ ഇടപെടലിനെ തുടര്‍ന്നായിരുന്നു സമരം താരങ്ങള്‍ അന്ന് അവസാനിപ്പിച്ചത്.