തിരുവനന്തപുരം: സംസ്ഥാന സ്‌കൂൾ കായികോത്സവത്തിൽ പങ്കെടുക്കുന്ന കുട്ടികളുടെ ആദ്യ സംഘത്തെ തമ്പാനൂർ കെഎസ്ആർടിസി ബസ്റ്റാൻഡിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയുടെ നേതൃത്വത്തിൽ സ്വീകരിച്ചു. വയനാട് ജില്ലയിൽ നിന്നുള്ള സംഘമാണ് ആദ്യമെത്തിയത്. പൊതു വിദ്യാഭ്യാസ ഡയറക്‌ടർ ജീവൻ ബാബു കെ ഐഎഎസ്, കായികോത്സവ സംഘാടക സമിതിയിലെ വിവിധ സബ് കമ്മിറ്റികൾ എന്നിവർ കുട്ടികളെ സ്വീകരിക്കാൻ എത്തിയിരുന്നു.
ഡിസംബർ മൂന്ന് മുതൽ ആറ് വരെയാണ് സംസ്ഥാന സ്‌കൂൾ കായികോത്സവം. ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലും യൂണിവേഴ്‌സിറ്റി സ്റ്റേഡിയങ്ങളും ഇതിനായി സജ്ജീകരിച്ചു കഴിഞ്ഞു. മത്സരത്തിനായി വരുന്ന കുട്ടികൾക്കായി തിരുവന്തപുരം നഗരത്തിലെ ഇരുപതോളം സ്‌കൂളുകളിൽ താമസ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.
സെന്‍റ് ജോസഫ് സ്‌കൂളിലാണ് ഭക്ഷണം ഏർപ്പെടുത്തിയത്. 26ഓളം വാഹനങ്ങൾ മത്സരാർഥികൾക്കായി സൗകര്യപ്പെടുത്തിയിട്ടുണ്ട്. റെയിൽവേസ്റ്റേഷനിൽ നിന്ന് താമസ സ്ഥലത്തേക്ക് പോകുന്നതിനും സ്റ്റേഡിയത്തിലേക്ക് പോകുന്നതിനുമായാണ് ഇവ ഏർപ്പെടുത്തിയത്.
Also read: സംസ്ഥാന സ്‌കൂൾ കായികോത്സവം: ഡിസംബർ 3 മുതൽ 6 വരെ തലസ്ഥാന നഗരിയിൽ