ഖത്തർ: ഖത്തറിൽ ലോകകപ്പ് റിപ്പോർട്ട് ചെയ്യുന്നതിനിടെ പ്രമുഖ അമേരിക്കൻ സ്‌പോർട്‌സ് മാധ്യമ പ്രവർത്തകൻ ഗ്രാന്‍റ് വാൾ കുഴഞ്ഞുവീണ് മരിച്ചു. അർജന്‍റീന- നെതർലൻഡ്‌സ് മത്സരം റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് വാൾ കുഴഞ്ഞുവീണത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മത്സരത്തിന്‍റെ അധിക സമയത്ത് ലുസൈൻ സ്റ്റേഡിയത്തിലെ മീഡിയ പ്രസ് ബോക്‌സിലിരിക്കെയാണ് അദ്ദേഹം കുഴഞ്ഞുവീണത്. നേരത്തെ എൽജിബിടിക്യു കമ്മ്യൂണിറ്റിയെ പിന്തുണയ്‌ക്കുന്ന റെയിൻബോ ടീഷർട്ട് ധരിച്ച് സ്റ്റേഡിയത്തിൽ പ്രവേശിക്കാൻ ശ്രമിച്ചതിന് ഗ്രാന്‍റ് വാളിനെ സെക്യൂരിറ്റി ഉദ്യോഗസ്ഥർ തടഞ്ഞുവെച്ചത് വാർത്തയായിരുന്നു.
അഹമ്മദ് ബിൻ സ്റ്റേഡിയത്തിലെ അമേരിക്ക- വെയിൽസ് മത്സരം റിപ്പോർട്ട് ചെയ്യാനെത്തിയപ്പോഴായിരുന്നു സംഭവം. സംഭവത്തെക്കുറിച്ച് ട്വീറ്റ് ചെയ്‌തപ്പോൾ തന്‍റെ ഫോണ്‍ സുരക്ഷ ഉദ്യോഗസ്ഥർ പിടിച്ചെടുത്തതായും ഗ്രാന്‍റ് വ്യക്‌തമാക്കിയിരുന്നു. എന്നാൽ പിന്നീട് വേദിയിലുണ്ടായിരുന്ന ഒരു സുരക്ഷ ഉദ്യോഗസ്ഥൻ തന്നോട് ക്ഷമാപണം നടത്തിയതായും തനിക്ക് സ്റ്റേഡിയത്തിനുള്ളിലേക്ക് പ്രവേശനം അനുവദിച്ചതായും ഗ്രാന്‍റ് പറഞ്ഞിരുന്നു.
ഫിഫ പ്രതിനിധികളും തന്നോട് ക്ഷമാപണം നടത്തിയതായി അദ്ദേഹം വ്യക്‌തമാക്കിയിരുന്നു. അതേസമയം ഗ്രാന്‍റിന്‍റെ മരണത്തിൽ ദുരൂഹത ആരേപിച്ച് അദ്ദേഹത്തിന്‍റെ സഹോദരൻ എറിക് രംഗത്തെത്തി. ഗ്രാന്‍റ് ആരോഗ്യവാനായിരുന്നുവെന്നും അത് കൊലപാതമായിരുന്നു എന്നുമാണ് എറിക് ആരോപിച്ചത്.
സ്വവർഗാനുരാഗിയായ തനിക്ക് വേണ്ടിയാണ് ഗ്രാന്‍റ് മഴവിൽ കുപ്പായം ധരിച്ചതെന്നും, അതിന് പിന്നാലെ തനിക്ക് നേരെ വധഭീഷണി ഉണ്ടെന്നും ഗ്രാന്‍റ് പറഞ്ഞിരുന്നതായും സഹോദരൻ ഇൻസ്റ്റഗ്രാമിലെ പോസ്റ്റിലൂടെ വ്യക്‌തമാക്കി. സ്റ്റേഡിയത്തിൽ കുഴഞ്ഞുവീണു, സിപിആർ നൽകി, ആശുപത്രിയിലേക്ക് കൊണ്ടുപോയി, മരണപ്പെട്ടു. ഇത് മാത്രമാണ് ഞങ്ങൾക്ക് അറിയാൻ സാധിച്ചത്.
ഞങ്ങൾ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റുമായും വൈറ്റ് ഹൗസുമായും സംസാരിച്ചു. എന്‍റെ സഹോദരൻ മരിച്ചെന്ന് ഞാൻ വിശ്വസിക്കുന്നില്ല. അവൻ കൊല്ലപ്പെട്ടതാണ്. അദ്ദേഹം ആരോഗ്യവാനായിരുന്നു. ഇതിന്‍റെ നിജസ്ഥിതി അറിയുന്നതിനായി ഞാൻ സഹായം തേടുകയാണ്. എറിക് കൂട്ടിച്ചേർത്തു.