ന്യൂയോര്‍ക്ക് : യുഎസ് ഓപ്പണ്‍ ടെന്നീസ് പുരുഷ ഡബിള്‍സ് കിരീടം നിലനിര്‍ത്തി രാജീവ് റാം-ജോ സാലിസ്ബറി സഖ്യം. ഫൈനലില്‍ വെസ്‌ലി കൂൾഹോഫ്- നീൽ സ്‌കുപ്‌സ്കി സഖ്യത്തെയാണ് ഇരുവരും തോല്‍പ്പിച്ചത്. കനത്ത പോരാട്ടത്തിനൊടുവില്‍ ഏകപക്ഷീയമായ രണ്ട് സെറ്റുകള്‍ക്കാണ് അമേരിക്കന്‍ താരമായ രാജീവ് റാമും ബ്രിട്ടീഷ് താരമായ സാലിസ്ബറിയും ജയിച്ച് കയറിയത്.
സ്കോര്‍: 7-6(4), 7-5. ഒരു മണിക്കൂര്‍ 57 മിനിട്ടാണ് മത്സരം നീണ്ടുനിന്നത്. വിജയത്തോടെ ഓപ്പണ്‍ കാലഘട്ടത്തില്‍ യുഎസ് ഓപ്പണ്‍ പുരുഷ ഡബിള്‍സ് കിരീടം നിലനിര്‍ത്തുന്ന രണ്ടാമത്തെ മാത്രം താരങ്ങളാവാനും രാജീവ് റാം-ജോ സാലിസ്ബറി സഖ്യം മാറി.
Also read: യുഎസ് ഓപ്പണ്‍ | അഞ്ച് സെറ്റ് ത്രില്ലറില്‍ ടിയാഫോ വീണു, കാർലോസ് അൽകാരസ് ഫൈനലില്‍
1995ലും 1996ലും കിരീടം നേടിയ ടോഡ് വുഡ്ബ്രിഡ്‌ജ് - മാർക്ക് വുഡ്‌ഫോർഡ് സഖ്യമാണ് പ്രസ്‌തുത നേട്ടം സ്വന്തമാക്കുന്ന ആദ്യ താരങ്ങള്‍. അതേസമയം നവംബറിൽ നടക്കുന്ന നിറ്റോ എടിപി ഫൈനൽസിലേക്കും ഈ വിജയം രാജീവ് റാം-ജോ സാലിസ്ബറി സഖ്യത്തിന് യോഗ്യത നേടിക്കൊടുത്തിട്ടുണ്ട്.
ടൂര്‍ണമെന്‍റിന് യോഗ്യത നേടുന്ന രണ്ടാമത്തെ സഖ്യമാണിവര്‍. മത്സരത്തില്‍ തോല്‍വി വഴങ്ങിയെങ്കിലും കൂൾഹോഫ്- നീൽ സ്‌കുപ്‌സ്കി സഖ്യം നേരത്തെ തന്നെ നിറ്റോ എടിപി ഫൈനൽസ് യോഗ്യത നേടിയിരുന്നു.