ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ടെന്നിസില്‍ നിന്നും നിലവിലെ ചാമ്പ്യന്‍ എമ്മ റാഡുകാനു പുറത്ത്. വനിത സിംഗിള്‍സിലെ ആദ്യ റൗണ്ട് മത്സരത്തില്‍ ഫ്രഞ്ച് താരം അലീസെ കോര്‍നെറ്റാണാണ് എമ്മ റാഡുകാനുവിനെ തോല്‍പ്പിച്ചത്. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് 19കാരിയായ ബ്രിട്ടീഷ് താരം 32കാരിയായ അലീസെയോട് തോല്‍വി വഴങ്ങിയത്. സ്‌കോര്‍: 3-6, 3-6.
തോല്‍വിയോടെ 2017ല്‍ ആഞ്‌ജലിക് കെര്‍ബറിന് ശേഷം യുഎസ് ഓപ്പണ്‍ ടൂര്‍ണമെന്‍റിന്‍റെ ആദ്യ റൗണ്ടില്‍ തോറ്റ് പുറത്താകുന്ന നിലവിലെ ചാമ്പ്യനും കൂടിയായി എമ്മ. 2005ല്‍ സ്വെറ്റ്‌ലാന കുസ്‌നെറ്റ്‌സോവയും നിലവിലെ ചാമ്പ്യനായിരിക്കെ ആദ്യ റൗണ്ടില്‍ തോറ്റ് പുറത്തായിട്ടുണ്ട്.
അതേസമയം ലോക ഒന്നാം നമ്പറായ ഇഗ സ്വിറ്റെകിന്‍റെ വിജയക്കുതിപ്പിന് വിരാമമിട്ട താരമാണ് അലീസെ. ഇക്കഴിഞ്ഞ വിംബിള്‍ഡണ്‍ ടൂര്‍ണമെന്‍റിന്‍റെ മൂന്നാം റൗണ്ടില്‍ ഇഗയെ പരാജയപ്പെടുത്തി താരത്തിന്‍റെ 37 തുടര്‍ജയങ്ങളെന്ന നേട്ടം അവസാനിപ്പിക്കാന്‍ അലീസെയ്‌ക്ക് കഴിഞ്ഞിരുന്നു.
മത്സരത്തില്‍ വിജയിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് അലീസെ കോർനെറ്റ് പറഞ്ഞു. തന്‍റെ വികാരങ്ങൾ നന്നായി കൈകാര്യം ചെയ്യാന്‍ കഴിയുന്നതാണ് വിജയത്തിന് പിന്നില്‍. പ്രായമാകുകയും കൂടുതൽ പക്വത പ്രാപിക്കാന്‍ കഴിയുന്നുവെന്നും താരം കൂട്ടിച്ചേര്‍ത്തു.