ഒട്ടാവ: മോണ്‍ട്രിയല്‍ ഓപ്പണ്‍ ടെന്നിസ് ടൂര്‍ണമെന്‍റില്‍ നിന്നും വിംബിൾഡൺ ചാമ്പ്യൻ നൊവാക് ജോക്കോവിച്ച് ഔദ്യോഗികമായി പിന്മാറി. കൊവിഡ് വാക്‌സിന്‍ സ്വീകരിക്കാത്ത ജോക്കോയ്‌ക്ക് കാനഡയിൽ പ്രവേശിക്കാൻ വിലക്കുള്ളതിനാലാണ് മോൺട്രിയലിൽ നടക്കുന്ന എടിപി ഹാർഡ്‌കോർട്ട് ടൂർണമെന്‍റിൽ നിന്നും താരം പിന്മാറിയതെന്ന് സംഘാടകർ അറിയിച്ചു.
ജോക്കോവിച്ച് കളിക്കുമെന്ന് താൻ പ്രതീക്ഷിക്കുന്നില്ലെന്ന് മോൺട്രിയൽ മാസ്റ്റേഴ്‌സ് ടൂർണമെന്‍റ് ഡയറക്‌ടർ യൂജിൻ ലെപിയർ ഈ മാസം ആദ്യം തന്നെ പറഞ്ഞിരുന്നു. ജോക്കോയ്‌ക്ക് കളിക്കുന്നതിന് ഒന്നുകിൽ കനേഡിയൻ സർക്കാർ വാക്‌സിനേഷൻ നയത്തില്‍ മാറ്റം വരുത്തുകയോ, അല്ലെങ്കില്‍ താരം വാക്‌സിന്‍ എടുക്കാന്‍ തയ്യാറാവുകയോ ചെയ്യേണ്ടതുണ്ട്. എന്നാൽ ഇവ യാഥാർഥ്യമാവുമെന്ന് താന്‍ കരുതുന്നില്ലെന്നുമായിരുന്നു ലെപിയറിന്‍റെ പ്രതികരണം. ജർമനിയുടെ ഓസ്‌കാർ ഒട്ടെയും പിന്മാറിയതായി ടെന്നിസ് കാനഡ അറിയിച്ചു.
ഇതോടെ ഓഗസ്റ്റില്‍ നടക്കാനിരിക്കുന്ന യുഎസ് ഓപ്പണും താരത്തിന് നഷ്‌ടമാവുമെന്ന് ഉറപ്പായി. ഓഗസ്റ്റ് 29 മുതല്‍ സെപ്‌റ്റംബര്‍ 11 വരെയാണ് യുഎസ് ഓപ്പണ്‍ നടക്കുക. നിയമ പ്രകാരം കൊവിഡ് വാക്‌സിന്‍ എടുത്തവര്‍ക്ക് മാത്രമേ നിലവില്‍ യുഎസില്‍ പ്രവേശിക്കാനാവൂ. വിംബിൾഡൺ കിരീടമുയര്‍ത്തിയതിന് പിന്നാലെ വാക്‌സിനെടുക്കാന്‍ തനിക്ക് പദ്ധതിയില്ലെന്ന് ജോക്കോ വ്യക്തമാക്കിയിരുന്നു.
എന്നാല്‍ യുഎസ് ഓപ്പണില്‍ പങ്കെടുക്കാന്‍ ആഗ്രഹമുണ്ടെന്നും ഇതിനായി അധികാരികൾ രാജ്യത്ത് പ്രവേശിക്കാനുള്ള നിയമങ്ങളില്‍ ഇളവ് നല്‍കുമെന്ന് പ്രതീക്ഷിക്കുന്നതായും ജോക്കോ പ്രതികരിച്ചിരുന്നു. വാക്‌സിനെടുക്കാതെ രാജ്യത്ത് പ്രവേശിച്ചതിന് ഈ വര്‍ഷം ആദ്യം ഓസ്‌ട്രേലിയന്‍ ഓപ്പണിനെത്തിയ ജോക്കോയെ നാട് കടത്തിയിരുന്നു.
2022ലെ ആദ്യ ഗ്രാൻഡ്‌സ്ലാമിനായി ജനുവരി ആറിന് മെല്‍ബണ്‍ ടല്ലമറൈന്‍ വിമാനത്താവളത്തിലെത്തിയ താരത്തെ എട്ട് മണിക്കൂറോളം തടഞ്ഞുവച്ച അധികൃതര്‍ വിസ റദ്ദാക്കുകയും ചെയ്‌തിരുന്നു. തുടര്‍ന്ന് നടന്ന നിയമയുദ്ധത്തിന് ശേഷമാണ് ജോക്കോയെ നാടുകടത്തിയത്.