ഹൈദരാബാദ്: കബഡിയെ ഒളിമ്പിക്‌സില്‍ ഉൾപ്പെടുത്തുക എന്നത് രാജ്യത്തിന്‍റെ ആത്യന്തിക ലക്ഷ്യമാണെന്ന് കേന്ദ്ര കായിക മന്ത്രി കിരണ്‍ റിജിജു. ഇന്ത്യയിലും ഏഷ്യയിലും മാത്രമല്ല, ആഗോളതലത്തിലും കബഡിക്ക് വലിയ സാധ്യതകളുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ സംഘടിപ്പിച്ച കബഡി പരിശീലകർക്കുള്ള ഓണ്‍ലൈന്‍ കോച്ചിങ് പരിപാടിയെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയില്‍ നിന്നും കൊറിയയില്‍ നിന്നും മലേഷ്യയില്‍ നിന്നുമുള്ള 700ല്‍ അധികം പരിശീലകർ പരിപാടിയുടെ ഭാഗമായി. ദേശീയ കായിക ഫെഡറേഷനുകളുമായി സഹകരിച്ച് പരിശീലന പരിപാടി സംഘടിപ്പിച്ച സായിയെ മന്ത്രി അനുമോദിച്ചു. നിലവിലെ സാഹചര്യത്തില്‍ ലോകത്തെ ഏറ്റവും വലിയ കായിക പരിപാടി ഇതാണെന്ന് മന്ത്രി അവകാശപ്പെട്ടു. 20 കായിക വിഭാഗങ്ങളിൽ നിന്നുള്ള 8000ത്തോളം പരിശീലകരാണ് പ്രതിദിനം സായി സംഘടിപ്പിക്കുന്ന ഓണ്‍ലൈന്‍ കോച്ചിങ്ങിന്‍റെ ഭാഗമാകുന്നത്.