മനാമ: റഷ്യ-യുക്രൈന്‍ സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ ബെലാറസുമായി നടക്കാനിരുന്ന സൗഹൃദ ഫുട്ബോള്‍ മത്സരം ഇന്ത്യ റദ്ദാക്കി. ഈ മാസം 26നാണ് സൗഹൃദ മത്സരം നിശ്ചയിച്ചിരുന്നത്.
റഷ്യയേയും സഖ്യരാജ്യമായ ബെലാറസിനെയും രാജ്യാന്തര കായികവേദികളില്‍ നിന്ന് വിലക്കണമെന്ന് രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി നിര്‍ദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബെലാറസിനെതിരായ സൗഹൃദ മത്സരത്തില്‍ നിന്നും ഇന്ത്യയുടെ പിന്മാറല്‍.
എഎഫ്‌സി എഷ്യന്‍ കപ്പ് യോഗ്യത മത്സരത്തിനുള്ള ഒരുക്കങ്ങളുടെ ഭാഗമായാണ് ഫിഫ റാങ്കിങ്ങില്‍ മുന്നിലുള്ള ബഹ്റൈൻ (91ാം റാങ്ക്), ബെലാറസ് (94ാം റാങ്ക്) എന്നി രാജ്യങ്ങളുമായി മനാമയില്‍ വെച്ച് സൗഹൃദ മത്സരത്തിന് ഇന്ത്യ (104ാം റാങ്ക്) ഒരുങ്ങിയിരുന്നത്.
2012 ഫെബ്രുവരിയിൽ അസർബൈജാനോടേറ്റ തോല്‍വിക്ക് ശേഷം കഴിഞ്ഞ 10 വര്‍ഷത്തിനിടെ ആദ്യമായിട്ടായിരുന്നു ഇന്ത്യക്ക് മറ്റൊരു യൂറോപ്യന്‍ രാജ്യവുമായി സൗഹൃദ മത്സരം കളിക്കാന്‍ അവസരം ലഭിച്ചത്.
യുക്രൈന്‍ അധിനിവേശത്തിൽ റഷ്യയെ സഹായിച്ചുവെന്ന ആരോപണം ബെലാറസിന് നേരെ ഇതിനകം തന്നെ ആരോപിക്കപ്പെട്ടിട്ടുണ്ട്. ഇതോടെ റഷ്യക്കെതിരെയുള്ള നടപടികള്‍ തന്നെയാണ് വിവിധ സ്പോർട്‌സ് ഫെഡറേഷനുകളിൽ നിന്നും ബെലാറസിനും ലഭിക്കുന്നത്.
also read: റഷ്യന്‍ അത്‌ലറ്റുകളെ സസ്‌പെൻഡ് ചെയ്‌ത് ബാഡ്മിന്‍റൺ വേൾഡ് ഫെഡറേഷൻ
അതേസമയം റഷ്യൻ ദേശീയ ടീമിനെയും ആ രാജ്യത്തിന്‍റെ ക്ലബ്ബുകളെയും അന്താരാഷ്‌ട്ര മത്സരങ്ങളിൽ നിന്ന് ഫിഫയും യുവേഫയും വിലക്കിയിരുന്നു. 2022 ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ നിന്നുൾപ്പടെ റഷ്യയെ പുറത്താക്കിയതായും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ എല്ലാ മത്സരങ്ങളിൽ നിന്നും റഷ്യൻ ടീമുകളെ സസ്‌പെൻഡ് ചെയ്യുകയാണെന്നും ഫിഫയും, യുവേഫയും സംയുക്‌ത പ്രസ്‌താവനയില്‍ അറിയിച്ചു.