ബേൺ: യുവേഫ നേഷന്‍സ് ലീഗില്‍ പോര്‍ച്ചുഗലിന് ആദ്യ തോല്‍വി. ഗ്രൂപ്പ് ബിയില്‍ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിന് സ്വിറ്റ്‌സര്‍ലന്‍ഡാണ് പോര്‍ച്ചുഗലിനെ കീഴടക്കിയത്. കളിയുടെ ഒന്നാം മിനുട്ടില്‍ തന്നെ ഹാരിസ് സെഫറോറവിച്ചാണ് സ്വിസ് പടയ്‌ക്കായി ലക്ഷ്യം കണ്ടത്.
ക്യാപ്‌റ്റന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് വിശ്രമം നല്‍കിയാണ് പോര്‍ച്ചുഗല്‍ ഇറങ്ങിയത്. ലീഗില്‍ സ്വിറ്റ്‌സര്‍ലന്‍ഡിന്‍റെ ആദ്യ ജയമാണിത്. കളിച്ച നാല് മത്സരങ്ങളില്‍ ഏഴ് പോയിന്‍റുമായി ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്താണ് പോര്‍ച്ചുഗല്‍. നാലില്‍ മൂന്ന് പോയിന്‍റുമായി നാലാം സ്ഥാനത്താണ് സ്വിറ്റ്‌സര്‍ലന്‍ഡ്.
സ്‌പെയിന് രണ്ടാം ജയം: ഗ്രൂപ്പ് ബിയിലെ മറ്റൊരു മത്സരത്തില്‍ സ്‌പെയിന്‍ ചെക്ക് റിപ്പബ്ലിക്കിനെ തോല്‍പിച്ചു. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് സ്‌പെയിന്‍ ജയം പിടിച്ചത്. മത്സരത്തിന്‍റെ 24ാം മിനുട്ടില്‍ കാര്‍ലോസ് സോളറും, 75-ാം മിനിട്ടില്‍ പാബ്ലോ സറാബിയയുമാണ് ലക്ഷ്യം കണ്ടത്.
സ്‌പെയിനിന്‍റെ തുടര്‍ച്ചയായ രണ്ടാം ജയമാണിത്. കളിച്ച നാല് മത്സരങ്ങളില്‍ എട്ട് പോയിന്‍റുള്ള സ്‌പെയിന്‍ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്താണ്. നാലില്‍ നാല് പോയിന്‍റുള്ള ചെക്ക് റിപ്പബ്ലിക് മൂന്നാമതാണ്.