ആംസ്റ്റർഡാം: യുവേഫ നാഷൻസ് ലീഗിന്‍റെ രണ്ടാം സെമി ഫൈനലിൽ ഇന്ന് സൂപ്പർ പോരാട്ടം. നിലവിലെ യൂറോ കപ്പ് ജേതാക്കളായ ഇറ്റലി കഴിഞ്ഞ വർഷത്തെ നാഷൻസ് ലീഗ് രണ്ടാം സ്ഥാനക്കാരെയാണ് നേരിടുക. നെതർലൻഡ്‌സിലെ എൻഷെഡെ സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി 12.15നാണ് മത്സരം.
യൂറോ ചാമ്പ്യൻമാരെങ്കിലും ഖത്തറിൽ നടന്ന ലോകകപ്പിന് ഇറ്റലിക്ക് യോഗ്യത നേടാൻ പോലുമായിരുന്നില്ല. നാഷൻസ് ലീഗിലെ കിരീടം സ്വന്തമാക്കി ആശ്വാസം കണ്ടെത്താനാകും റോബർട്ടോ മാൻസീനിയുടെ കീഴിലിറങ്ങുന്ന ഇറ്റലിയുടെ ശ്രമം. കഴിഞ്ഞ വർഷം സെമിയിൽ സ്‌പെയിനിനോട് തോറ്റ് പുറത്തായ അസൂറികൾക്ക് അതിന്‍റെ കണക്ക് കൂടെ തീർക്കാനുണ്ടാകും. മറുവശത്ത്, കഴിഞ്ഞ തവണ ഫൈനലിൽ ഫ്രാൻസിനോടേറ്റ തോൽവിയോടെ കൈവിട്ട കിരീടം സ്വന്തമാക്കുക എന്നതാകും ലക്ഷ്യം.
ഇറ്റലിയുടെ ഗോൾവല കാക്കുന്ന യുവതാരം ഡൊണറുമ്മ. പേരുകേട്ട ഇറ്റാലിയൻ പ്രതിരോധത്തെ നയിക്കുന്നത് പരിചയ സമ്പന്നനായ ലിയനാർഡോ ബൊനൂച്ചി. ഒപ്പം ഫ്രാൻസെസ്‌കോ അസെർബിയും സ്‌പിനസോളയും. മധ്യനിരയിൽ കളി നിയന്ത്രിക്കുന്നത് മാർകോ വെറാറ്റിയും ജോർജീഞ്ഞോയുമാണ്. മുന്നേറ്റത്തിൽ ഗോളടിച്ചുകൂട്ടാൻ യുവന്‍റസിന്‍റെ കിയേസയും ലാസിയോയുടെ സിറൊ ഇമ്മൊബൈല്‍ എന്നിവരുമുണ്ടാകും. യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിസ്റ്റുകളായ ഇന്‍റർ മിലാൻ താരങ്ങളായ അലസാന്ദ്രോ ബാസ്റ്റോണി, നികോളോ ബാരെല്ല, ഫെഡറികോ ഡിമാർകോ എന്നിവർ കളത്തിലിറങ്ങുമോ എന്നതിൽ വ്യക്തതയില്ല.
2010 ലോകകപ്പ് ജേതാക്കളായതിന് ശേഷം സ്‌പെയിനിന് ഒരു കിരീടവും നേടാനായിട്ടില്ല. 13 വർഷം നീണ്ട കിരീട വരൾച്ച അവസാനിപ്പിക്കാൻ ഒരുങ്ങുന്ന സ്‌പെയിനിന്‍റെ പ്രതീക്ഷ മുഴുവനും യുവനിരയിലാണ്. അൽവാരോ മൊറോട്ട നയിക്കുന്ന ടീമിൽ പെഡ്രി, ഗാവി, ഡാനി ഓൽമോ, അസെൻസിയോ തുടങ്ങിയ താരങ്ങൾ മികച്ച ഫോമിലാണ്. സിറ്റി ആദ്യ ചാമ്പ്യൻസ് ലീഗ് കിരീടം നേടിയപ്പോൾ വിജയശിൽപിയായ റോഡ്രി, ഇയാഗോ അസ്‌പാസ്, പെഡ്രി എന്നിവർ പരിക്ക് കാരണം ആദ്യ ഇലവനിൽ ഇടംപിടിക്കാൻ സാധ്യതയില്ല. ഇവരുടെ വിടവ് നികത്താൻ പരിചയ സമ്പന്നരായ ജോർഡി ആൽബ, ഡാനി കാർവജാൽ എന്നിവരുമുണ്ട്.
നേർക്കുനേർ പോരാട്ടങ്ങളിലെ ആനുകൂല്യം സ്‌പെയിനിനാണ്. ഇരു ടീമുകളും തമ്മിൽ കളിച്ച 35 മത്സരങ്ങളിൽ 13ലും സ്‌പെയിൻ ജയിച്ചപ്പോൾ, ഇറ്റലി 10 വിജയം നേടി. ഇറ്റലിക്കെതിരായ അവസാന 10 മത്സരങ്ങളിൽ രണ്ടെണ്ണം മാത്രമാണ് സ്‌പെയിനിന് തോറ്റത്. ഇന്നത്തെ മത്സരത്തിൽ വിജയിക്കുന്ന ടീം 19ന് നടക്കുന്ന ക്രൊയേഷ്യയെ ഫൈനലില്‍ നേരിടും. ആദ്യ സെമിയിൽ നെതര്‍ലന്‍ഡ്‌സിനെ (Netherlands) തകര്‍ത്താണ് ലൂക്ക മോഡ്രിച്ചും സംഘവും ഫൈനലിന് ടിക്കറ്റുറപ്പിച്ചത്. അധിക സമയത്തേക്ക് നീണ്ട മത്സരത്തിൽ 4-2നാണ് ക്രൊയേഷ്യയുടെ ജയം.