ബെര്‍ലിന്‍: യുവേഫ ചാമ്പ്യന്‍സ് ലീഗ് (UEFA Champions League) ഗ്രൂപ്പ് എഫിലെ അവസാന മത്സരത്തില്‍ പിഎസ്‌ജിയെ സമനിലയില്‍ തളച്ച് ബൊറൂസിയ ഡോര്‍ട്ട്മുണ്ട് (Borussia Dortmund vs PSG Match Result). ഡോര്‍ട്ട്മുണ്ടിന്‍റെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ഇരു ടീമും ഓരോ ഗോളുകള്‍ നേടിയാണ് പിരിഞ്ഞത്. ആതിഥേയര്‍ക്കായി കരീം അദെയേമി (Karim Adeyemi) ഗോള്‍ നേടിയപ്പോള്‍ സന്ദര്‍ശകര്‍ക്ക് വേണ്ടി സ്കോര്‍ ചെയ്‌തത് വാറന്‍ സായ എംമ്രിയാണ് (Warren Zaïre-Emery).
17 കാരനായ എംമ്രിയുടെ ഗോള്‍ പിഎസ്‌ജിയ്‌ക്ക് ചാമ്പ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടര്‍ ബെര്‍ത്ത് ഉറപ്പിക്കുന്നത് കൂടിയായിരുന്നു. ഗ്രൂപ്പില്‍ എട്ട് പോയിന്‍റോടെ രണ്ടാം സ്ഥാനക്കാരായിട്ടാണ് എംബാപ്പെയും സംഘവും റൗണ്ട് ഓഫ് 16ല്‍ കടന്നിരിക്കുന്നത്. 6 മത്സരങ്ങളില്‍ നിന്നും 11 പോയിന്‍റ് നേടി ബൊറൂസിയ ഡോര്‍ട്ട്മുണ്ടാണ് ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാര്‍.
ചാമ്പ്യന്‍സ് ലീഗിലെ നിര്‍ണായക മത്സരത്തിനിറങ്ങിയ പിഎസ്‌ജി ഡോര്‍ട്ട്മുണ്ടിനെതിരെ പിന്നില്‍ നിന്ന ശേഷമാണ് സമനില ഗോള്‍ നേടിയത്. ഗോള്‍ രഹിതമായിരുന്നു മത്സരത്തിന്‍റെ ആദ്യ പകുതി. രണ്ടാം പകുതിയില്‍ 51-ാം മിനിറ്റിലാണ് ഫ്രഞ്ച് ക്ലബ് പിഎസ്‌ജിയുടെ പ്രതിരോധ പൂട്ട് പൊളിച്ച് ഡോര്‍ട്ട്മുണ്ടിനായി കരീം അദെയേമി സ്കോര്‍ ചെയ്യുന്നത്.
ഇതോടെ, സമ്മര്‍ദത്തിലായെങ്കിലും വൈകാതെ തന്നെ ഗോള്‍ മടക്കാന്‍ പിഎസ്‌ജിയ്‌ക്ക് സാധിച്ചു. 56-ാം മിനിറ്റിലായിരുന്നു എംമ്രി പിഎസ്‌ജിയ്‌ക്ക് വേണ്ടി ഗോള്‍ നേടിയത്. ഇതോടെ, തുടര്‍ച്ചയായ 12-ാം സീസണിലും ചാമ്പ്യന്‍സ് ലീഗ് നോക്ക് ഔട്ട് സ്റ്റേജിലേക്ക് മുന്നേറാന്‍ പിഎ സ്‌ജിയ്‌ക്കായി.
ഗ്രൂപ്പ് എഫില്‍ നിന്നും ജര്‍മന്‍ ക്ലബ് ഡോര്‍ട്ട്മുണ്ടും ഫ്രഞ്ച് ക്ലബ് പിഎസ്‌ജിയും അടുത്ത റൗണ്ടിലേക്ക് മുന്നേറിയപ്പോള്‍ ഇറ്റാലിയന്‍ ക്ലബ് എസി മിലാന്‍ അവസാന മത്സരം ജയിച്ച് യൂറോപ് ലീഗ് ബെര്‍ത്ത് ഉറപ്പിക്കുകയായിരുന്നു. ചാമ്പ്യന്‍സ് ലീഗിലെ അവസാന മത്സരത്തില്‍ ഇംഗ്ലീഷ് ക്ലബ് ന്യൂകാസില്‍ യുണൈറ്റഡിനെയാണ് എസി മിലാന്‍ പരാജയപ്പെടുത്തിയത്.
ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു എസി മിലാന്‍റെ ജയം. ക്രിസ്റ്റ്യന്‍ പുലിസിച്ചും (Cristian Pulisic) സാമുവൽ ചുക്വൈസി (Samuel Chukwueze) എന്നിവരാണ് മിലാനായി ഗോളുകള്‍ നേടിയത്. ജോയലിന്‍റനാണ് ന്യൂകാസിലിന്‍റെ ഗോള്‍ സ്കോറര്‍. ഒരു ഗോളിന് മുന്നില്‍ നിന്ന ശേഷമായിരുന്നു ന്യൂകാസില്‍ മത്സരത്തില്‍ തോല്‍വി വഴങ്ങിയത്.
ആറ് മത്സരങ്ങളില്‍ നിന്നും എട്ട് പോയിന്‍റാണ് ഗ്രൂപ്പില്‍ മൂന്നാമതെത്തിയ ഇറ്റാലിയന്‍ ക്ലബ് എസി മിലാനും സ്വന്തമാക്കാന്‍ സാധിച്ചത്. ടൂര്‍ണമെന്‍റിലെ ഗോള്‍ ഡിഫറന്‍സായിരുന്നു അവര്‍ക്ക് തിരിച്ചടിയായത്. ഗ്രൂപ്പില്‍ അവസാന സ്ഥാനക്കാരായ ന്യൂകാസിലിന് അഞ്ച് പോയിന്‍റാണ് നേടാനായത്.