കാല്‍പന്തുകളിയുടെ ലോകത്തേക്ക് പുത്തന്‍ താരോദയങ്ങളെ കൂടി സമ്മാനിക്കുന്ന വേദിയാണ് ഓരോ ലോകകപ്പും. കൗമാരപ്രായത്തില്‍ തന്നെ രാജ്യന്തര മത്സരങ്ങളില്‍ മികച്ച പ്രകടനം നടത്തി ലോകശ്രദ്ധയാകര്‍ഷിച്ചവരും ഇതിഹാസ താരങ്ങളായി മാറിയവരുമുണ്ട്. ഫുട്‌ബോള്‍ ലോകത്ത് സ്വന്തം പേര് എഴുതിച്ചേര്‍ക്കാന്‍ ഖത്തറിന്‍റെ മണ്ണില്‍ പന്ത് തട്ടാനിറങ്ങുന്ന കുറച്ച് പയ്യന്മാരെ പരിചയപ്പെടാം.
- യൂസഫ മൗക്കോക്കോ (17 വയസ്,ജര്‍മനി)
ഖത്തര്‍ ലോകകപ്പില്‍ ഏറ്റവും പ്രായം കുറഞ്ഞതാരമെന്ന് വിശേഷിപ്പിക്കാന്‍ സാധിക്കുന്ന താരമാണ് ജര്‍മനിയുടെ വണ്ടര്‍ കിഡ് യൂസഫ മൗക്കോക്കോ. ലോകകപ്പിന് തുടക്കം കുറിക്കുന്ന നവംബര്‍ 20ന് ആണ് മൗക്കോക്കോയ്‌ക്ക് 18 വയസ് തികയുന്നത്. ബൊറൂസ്യ ഡോര്‍ട്ട്മുണ്ടിന് വേണ്ടിയും ജര്‍മനി അണ്ടര്‍ 21 ടീമിന് വേണ്ടിയും നടത്തിയ ഗോളടിമികവാണ് ലോകകപ്പില്‍ ജര്‍മന്‍ പടയ്‌ക്ക് വേണ്ടി പന്ത് തട്ടാന്‍ യുവ ഫോര്‍വേര്‍ഡിന് അവസരമൊരുക്കിയത്.
2004ല്‍ കാമറൂണില്‍ ജനിച്ച മൗക്കോക്കോ 2014ലാണ് ജര്‍മനിയിലേക്കെത്തുന്നതും ബൊറൂസ്യ അക്കാദമിയില്‍ ചേരുന്നതും. ജര്‍മന്‍ ബുണ്ടസ് ലീഗയില്‍ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞതാരവും മൗക്കോക്കയാണ്. 16 വയസ് തികഞ്ഞതിന് പിന്നാലെയായിരുന്നു ബുണ്ടസ് ലിഗയില്‍ താരത്തിന്‍റെ അരങ്ങേറ്റം.
- ഗാവി (18 വയസ്, സ്‌പെയിന്)
കൗമാരപ്രായത്തില്‍ തന്നെ ലോകഫുട്‌ബോളില്‍ വ്യക്തിമുദ്ര പതിപ്പിക്കാന്‍ സ്‌പെയിന്‍ മിഡ്‌ഫീല്‍ഡര്‍ ഗാവിക്ക് സാധിച്ചിട്ടുണ്ട്. ക്ലബ് ഫുട്‌ബോളില്‍ സ്പാനിഷ് വമ്പന്മാരായ ബാഴ്‌സലോണയ്ക്കായാണ് താരം പന്ത് തട്ടുന്നത്. മധ്യനിരയില്‍ കളിനിയന്ത്രിക്കുന്നതിലും സാഹചര്യം മനസിലാക്കി പന്ത് തട്ടുന്നതിലും മികവ് പ്രകടിപ്പിക്കുന്ന ഗാവി തന്നെയാകും ഖത്തറില്‍ സ്പാനിഷ് പടയുടെ വജ്രായുധം.
തന്‍റെ കളിമികവിന് ഇത്തവണത്തെ മികച്ച യുവതാരത്തിനുള്ള ബാലണ്‍ ഡി ഓര്‍ കോപ്പ ട്രോഫിയും ഗാവിയെ തേടിയെത്തിയിരുന്നു. ബാഴ്‌സലോണയ്‌ക്കായി 42 മത്സരങ്ങളും സ്‌പെയിന് വേണ്ടി 12 മത്സരങ്ങളും ഇതിനോടകം തന്നെ ഗാവി കളിച്ചിട്ടുണ്ട്.
- ഗാരംഗ് കൗള്‍ (18 വയസ്, ഓസ്‌ട്രേലിയ)
ദക്ഷിണ സുഡാനില്‍ നിന്ന് ആറാം വയസില്‍ ഓസ്‌ട്രേലിയയിലേക്ക് അഭയാര്‍ഥിയായി കുടിയേറി പാര്‍ത്ത താരമാണ് ഗാരംഗ് കൗള്‍. ഓസീസ് ക്ലബ് സെന്‍ട്രല്‍ കോസ്റ്റല്‍ മറൈന്‍സിന് വേണ്ടിയായിരുന്നു യുവ മുന്നേറ്റനിര താരത്തിന്‍റെ പ്രൊഫഷണല്‍ ഫുട്‌ബോളിലേക്കുള്ള അരങ്ങേറ്റം. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ന്യൂകാസിലുമായും കൗള്‍ കരാറിലെത്തിയിട്ടുണ്ട്. കഴിഞ്ഞ സെപ്‌റ്റംബറില്‍ ന്യൂസിലന്‍ഡിനെതിരെയാണ് താരം ആദ്യ രാജ്യാന്തര മത്സരം കളിച്ചത്.
- ജെവിസണ്‍ ബെന്നേറ്റ് (18 വയസ്, കോസ്റ്റാറിക്ക)
ഇംഗ്ലീഷ് ക്ലബ് സണ്ടര്‍ലന്‍ഡിന്‍റെ താരമായ ജെവിസണ്‍ ബെന്നേറ്റ് യുവതാരങ്ങളുടെ നീണ്ടനിരയുമായി ഖത്തറിലേക്കെത്തുന്ന കോസ്‌റ്റാറിക്കയുടെ പ്രധാന താരമാണ്. ഇന്‍റര്‍കോണ്ടിനെന്‍റല്‍ പ്ലേ ഓഫിലെ അവസാന മത്സരങ്ങളില്‍ ബെന്നേറ്റ് പുറത്തെടുത്ത മിന്നും പ്രകടനമാണ് കോസ്റ്റാറിക്കയ്‌ക്ക് ലോകകപ്പ് യോഗ്യത സമ്മാനിച്ചത്. രാജ്യത്തിനായി ഇതുവരെ 7 മത്സരങ്ങള്‍ കളിച്ച ബെന്നേറ്റ് രണ്ട് വീതം ഗോളും അസിസ്റ്റും നേടിയിട്ടുണ്ട്. ക്ലബിനായി 16 മത്സരങ്ങളാണ് താരം കളിച്ചിട്ടുള്ളത്.
- ബിലാല്‍ എസ് ഖാനൂസ് (18 വയസ്, മൊറോക്കോ)
അണ്ടര്‍ 18 വരെ ബെല്‍ജിയത്തിനായി കളിച്ചശേഷമാണ് ബിലാല്‍ എസ് ഖാനൂസ് മൊറോക്കോയ്‌ക്കായി കളത്തിലിറങ്ങാന്‍ തീരുമാനിച്ചത്. ബല്‍ജിയന്‍ ക്ലബ് ജാന്‍കിനായി പുറത്തെടുത്ത കളിമികവാണ് ഈ അറ്റാക്കിങ് മിഡ്‌ഫീല്‍ഡറെ ലോകകപ്പിനുള്ള മൊറോക്കന്‍ സ്‌ക്വാഡിലേക്കെത്തിച്ചത്. മൊറോക്കോയുടെ അണ്ടര്‍ 20, 23 ടീമുകള്‍ക്ക് വേണ്ടിയും ബിലാല്‍ നേരത്തെ പന്ത് തട്ടിയിട്ടുണ്ട്.