ലോസാന്‍: ടോക്കിയോ ഒളിമ്പിക്‌സിന്‍റെ സംഘാടനവുമായി ബന്ധപ്പെട്ട് ഏറെ ജാഗ്രത പുലർത്തണമെന്ന് അന്താരാഷ്‌ട്ര ഒളിമ്പിക് കമ്മിറ്റി സിഇഒ തോമസ് ബാക്ക്. കൊവിഡ് 19 പശ്ചാത്തലത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ക്ഷമയോടെ മുന്നോട്ട് നീങ്ങാം. ഒളിമ്പിക്‌സുമായി ബന്ധപ്പെട്ട എല്ലാവരുടെയും സുരക്ഷക്കായി വേണ്ട മുന്‍ കരുതല്‍ നടപടികൾ സ്വീകരിക്കാം. 2021 ജൂലൈയില്‍ ലോകം ഏത് രൂപത്തിലാകുമെന്ന് ഇപ്പോൾ ആർക്കും പ്രവചിക്കാനാകില്ല. കൊവിഡ് 19 ഭീതി നിലനില്‍ക്കുന്ന നിലവിലെ സാഹചര്യത്തില്‍ ലോകാരോഗ്യ സംഘടനയുമായി ചേർന്ന് വേണ്ട നടപടികൾ സ്വീകരിക്കും. ഒരു വർഷവും രണ്ട് മാസവും ഗെയിംസിനായി ഇനി ബാക്കിയുണ്ടെന്നും തോമസ് ബാക്ക് കൂട്ടിച്ചേർത്തു.
ആരോഗ്യപൂർണമായ സമൂഹത്തെ വാർത്തെടുക്കാനായി ലോകാരോഗ്യ സംഘടനയുമായുള്ള ഐഒസിയുടെ കരാറില്‍ ഒപ്പുവെച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കായിക മേഖലയുടെ പങ്കാളിത്തത്തോടെ ആരോഗ്യകരമായ സമൂഹത്തെ സൃഷ്‌ടിക്കാനും പകർച്ചവ്യാധികൾ ഒഴികെയുള്ള രോഗങ്ങളെ തടയാനും ലക്ഷ്യമിട്ടാണ് ഇരു ലോക സംഘടനകളും കരാറില്‍ ഏർപ്പെട്ടിരിക്കുന്നത്.
നേരത്തെ കൊവിഡ് 19 കാരണം ടോക്കിയോ ഒളിമ്പിക്‌സ് അടുത്ത വർഷത്തേക്ക് മാറ്റിവെക്കുകയായിരുന്നു. 2021 ജൂലൈ 23 മുതല്‍ ഓഗസ്റ്റ് എട്ട് വരെ ഗെയിംസ് നടത്താനാണ് നിലവില്‍ തീരുമാനിച്ചിരിക്കുന്നത്. കൊവിഡ് 19 കാരണം ലോകത്ത് ഇതിനകം 3,04,000 പേർ മരണമടഞ്ഞു. 4.5 ദശലക്ഷം പേർക്ക് വൈറസ് ബാധിച്ചതായി സ്ഥിരീകരിച്ചു.